തൊഴിലാളി താല്‍പര്യങ്ങള്‍ സംരക്ഷിച്ചാകും കേരളം ലേബര്‍ കോഡ് നടപ്പിലാക്കുന്നത്: മന്ത്രി ബിന്ദു കൃഷ്ണ



*ലേബര്‍ കോഡ് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; മിനിമം വേതന വര്‍ധനയ്ക്കും കൂടുതല്‍ തൊഴിലാളികളെ ബോണസ് പരിധിയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശം*
തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കും സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കുകയെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ലേബര്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായും മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും നടത്തിയ വിശദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ലേബര്‍ കോഡിന്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനാവശ്യമായ പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒക്ടോബര്‍ 22-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ലേബര്‍ കമ്മിഷണര്‍ കണ്‍വീനറായും നിയമവകുപ്പ് അഡീഷണല്‍ സെക്രട്ടറി അംഗമായും വിവിധ ട്രേഡ് യൂണിയനുകളുടെ ഏഴ് പ്രതിനിധികളും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളായ സമിതി പത്ത് ദിവസം നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് കരട് റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രിക്ക് സമര്‍പ്പിച്ചത്. മന്ത്രി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
*മിനിമം വേതനത്തില്‍ വര്‍ധനയ്ക്ക് വഴിയൊരുക്കും*
മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനായി നിലവിലുണ്ടായിരുന്ന ഫാമിലി യൂണിറ്റ് മൂന്ന് എന്നത് മാതാപിതാക്കളെക്കൂടി ഉള്‍പ്പെടുത്തി അഞ്ചായി ഉയര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെ മിനിമം വേതനം കണക്കാക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനം ലഭിക്കുന്ന സാഹചര്യമുണ്ടാകും.
*തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കും*
അപകടസാധ്യതയുള്ള (Hazardous and Dangerous) തൊഴില്‍ പ്രക്രിയകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധന ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
*രാത്രികാല ജോലിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ*
സ്ത്രീ തൊഴിലാളികള്‍ക്ക് രാത്രികാലങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥയില്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ സംസ്ഥാന ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനും നിര്‍ദേശമുണ്ട്.
*ബോണസ് ആനുകൂല്യങ്ങളുടെ പരിധിയില്‍ വരേണ്ട തൊഴിലാളികളുടെ എണ്ണം വിപുലീകരിക്കും*
കൂടുതല്‍ തൊഴിലാളികളെ ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
*സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍*
ലേബര്‍ കോഡുകള്‍ സംബന്ധിച്ച് സംസ്ഥാനത്തിനുള്ള ആശങ്കകളും തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച നിര്‍ദേശങ്ങളും പ്രത്യേക സമിതി വിശദമായി പരിശോധിച്ചു. സംസ്ഥാനതലത്തില്‍ നിര്‍ദേശിച്ച ഭേദഗതികള്‍ ജസ്റ്റിസ് ഗോപാല്‍ ഗൗഡ കമ്മിറ്റി പരിശോധിക്കുകയും ആവശ്യമായ നിയമഭേദഗതികള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ലോക്കൗട്ട്, ലേ ഓഫ് തുടങ്ങിയ വ്യവസ്ഥകളില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയുന്ന സാഹചര്യം ഒരുക്കുന്നതിനുള്ള നിയമഭേദഗതികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും ഹാനികരമാകാത്ത വിധത്തില്‍ നിയമപരമായ പരിധിക്കുള്ളില്‍നിന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മാത്രമേ സംസ്ഥാനത്ത് ലേബര്‍ കോഡുകള്‍ നടപ്പാക്കുകയുള്ളൂ. തൊഴിലാളി സംഘടനകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.









