കണ്ണൂരില്‍ ഖാദി ഓണം മേളയ്ക്ക് തുടക്കമായി

കണ്ണൂര്‍: പഴയതില്‍ നിന്നും വ്യത്യസ്തമായി പുതിയ കാലത്തെ ഖാദി നവതലമുറകളായ ജെന്‍ സിയ്ക്കും ജെന്‍ ആല്‍ഫയ്ക്കും ഉപയോഗ പ്രദമാകുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കേരള നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഓണം മേളയുടെ ജില്ലാ തല ഉദ്ഘടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്തെ പുതിയ തലമുറയോട് മത്സരിച്ച് ഖാദിയെ മുന്നിട്ട് നിര്‍ത്താനും ഡോക്ടര്‍, നേഴ്സ്, വക്കീല്‍ തുടങ്ങിയവര്‍ക്കുള്ള കോട്ടുകള്‍ ഖാദിയില്‍ ഉത്പാദിപ്പിക്കാനും ഖാദി ബോര്‍ഡ് നടത്തുന്ന പരിശ്രമങ്ങള്‍ അഭിന്ദര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഖാദി ബോര്‍ഡ് പുതിയതായി അവതരിപ്പിച്ച ഖാദി സ്ലിംഗ് ബാഗ് സ്പീക്കര്‍ പുറത്തിറക്കി.

കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന പരിപാടിയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷനായി. ഖാദി ദരിദ്രരുടെ പ്രസ്ഥാനമാണെന്നും അതുകൊണ്ടുതന്നെ സമൂഹത്തില്‍ സന്മനസ്സുള്ളവരാണ് ഖാദി പ്രസ്ഥാനത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഒരു വീട്ടില്‍ ഒരു ഖാദി ഉല്‍പ്പന്നങ്ങളെങ്കിലും വാങ്ങിക്കണമെന്നും പി ജയരാജന്‍ അഭ്യര്‍ഥിച്ചു.
ഖാദിയുടെ പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി സമ്മാനക്കൂപ്പണിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. പി ജയരാജന്‍ ഖാദി ഉത്പന്നങ്ങളുടെ ആദ്യ വില്‍പ്പന നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ജയദീപ് ബാബു ഏറ്റുവാങ്ങി.

ഖാദി ഉല്‍പന്നങ്ങളായ സില്‍ക്ക്, കോട്ടണ്‍ സാരികള്‍, ബെഡ്ഷീറ്റ്, മുണ്ടുകള്‍, ചൂരല്‍ ഉല്‍പന്നങ്ങള്‍ എന്നിവ മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും. ഒക്ടോബര്‍ ഏഴിന് നടക്കുന്ന നറുക്കെടുപ്പില്‍ മെഗാ സമ്മാനമായി ടാറ്റാ ടിയാഗോ ഇ വി കാറും രണ്ടാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഒന്ന് വീതം ബജാജ് ഇ വി സ്‌കൂട്ടറും മൂന്നാം സമ്മാനമായി 50 ഗിഫ്റ്റ് വൗച്ചറുകളും നല്‍കും. ജില്ലയില്‍ ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം ഗവ. കിഴിവുമുണ്ട്.

കണ്ണൂര്‍ കോപ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുരേഷ് ബാബു എളയാവൂര്‍, കണ്ണൂര്‍ എല്‍ ഡി എം ഡോ. കെ എസ് രഞ്ജിത്ത്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി പി വിനീഷ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി സുനില്‍ കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍, ബാര്‍ കൗണ്‍സില്‍ പ്രതിനിധി ഇ പി ഹംസക്കുട്ടി, വിവിധ സര്‍വീസ് സംഘടന പ്രധിനിധികളായ പി പി സന്തോഷ് കുമാര്‍, ഇ പി അബ്ദുള്ള, പി സി റഫീഖ്, കെ പി ഗിരീഷ് കുമാര്‍, പി മുകേഷ്, കെ ഷാജി, പ്രകാശന്‍ മാസ്റ്റര്‍, കെ.ടി സാജിദ്, കെ രാജേഷ്, ഖാദി പ്രൊജക്റ്റ് ഓഫീസര്‍ ഷോളി ദേവസ്യ എന്നിവര്‍ സംസാരിച്ചു.

 

Top News from last week.

Latest News

More from this section