ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’; പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യും


ന്യൂഡൽഹി: ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഖേലോ ഇന്ത്യ ഡയലോഗി’നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യും. മേരാ യുവ ഭാരത് (MY Bharat) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജില്ലാതലത്തിൽ രണ്ട് കോളേജുകളിലായി യുവജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ‘ഖേലോ ഇന്ത്യ ഡയലോഗ്’ നടക്കുന്നത്. കായികം, യുവ നേതൃത്വമികവ്, പൗരബോധം, സന്നദ്ധസേവനം, ശാരീരികക്ഷമത, രാഷ്ട്രനിർമാണം തുടങ്ങിയ മേഖലകളെ ഒരേ വേദിയിൽ കൊണ്ടുവരികയാണ് പരിപാടിയുടെ ലക്ഷ്യം.
കായികരംഗത്ത് താൽപര്യമുള്ള യുവാക്കളും പ്രമുഖ ഇന്ത്യൻ കായികതാരങ്ങളും മെഡൽ ജേതാക്കളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയവും പരിപാടിയുടെ പ്രധാന ആകർഷണമാണ്. ‘യുവ സംവാദ്’ എന്ന വിഭാഗത്തിൽ യുവാക്കൾക്ക് അവരുടെ ആശയങ്ങളും കാഴ്ചപ്പാടുകളും അഭിലാഷങ്ങളും നേരിട്ട് അവതരിപ്പിക്കാനും അവസരമുണ്ടാകും.
കായികം, ഒളിമ്പിക്‌സ് സ്വപ്നങ്ങൾ, യുവ നേതൃത്വം, വികസിത് ഭാരത്, ലഹരിമുക്ത യുവത എന്നീ അഞ്ച് പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും സംവാദം.
ശാരീരികക്ഷമതയും അച്ചടക്കവും കായികസംസ്‌കാരവും വളർത്തി യുവാക്കളുടെ ആശയങ്ങൾ രാജ്യത്തിന്റെ വികസന അജണ്ടയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ‘ഖേലോ ഇന്ത്യ ഡയലോഗ്’ സംഘടിപ്പിക്കുന്നത്.









