ഒറ്റ ചാർജിൽ 116 കിലോമീറ്റർ വരെ യാത്ര ചെയ്യാം്; കൈനറ്റിക് DX ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ

മുംബൈ: ജനപ്രിയ വാഹനമായ ആക്ടീവയ്ക്ക് മുൻപേ ഇന്ത്യക്കാരുടെ മനസ്സിൽ കയറിപ്പറ്റിയ ഗിയർലെസ് സ്‌കൂട്ടർ ആണ് കൈനറ്റിക് ഹോണ്ട. പലതരം ഐക്കോണിക് ടു വീലർ വാഹനങ്ങളും രാജ്യത്തിന് സമ്മാനിച്ചവരാണ് കൈനറ്റിക്. ലൂണ മോപ്പഡ് പോലുള്ളവയെല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്. ഇപ്പോൾ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ് കൈനറ്റിക് വാട്സ് ആന്റ് വോൾട്സ് ലിമിറ്റഡ്.
ഇലക്ട്രിക് സ്‌കൂട്ടർ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്: DX, DX+. DX വേരിയന്റിന് 1.11 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. അതേസമയം DX+ ന് 1.17 ലക്ഷം രൂപ (എക്സ്-ഷോറൂം) വില വരും. ഇലക്ട്രിക് രൂപത്തിലാണെങ്കിലും ഐക്കണിക് കൈനറ്റിക് DXന്റെ അതേരൂപമായാണ് പുതിയ സ്‌കൂട്ടർ അടയാളപ്പെടുത്തുന്നത്. യഥാർത്ഥ കൈനറ്റിക് ഹോണ്ട DX-ൽ നിന്ന് സ്റ്റൈലിങ് പ്രചോദനം ഉൾക്കൊള്ളുന്നതാണ് DX.
വാഹനത്തിൽ 4.8kW ഹബ്-മൗണ്ടഡ് BLDC ഇലക്ട്രിക് മോട്ടോർ ആണ് ഉപയോഗിച്ചിരിക്കുന്നത്. 2.6kWh LFP ബാറ്ററി പായ്ക്കാണ് ഈ സ്‌കൂട്ടറിൽ ക്രമീകരിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 116 കിലോമീറ്റർ വരെ യാത്ര ചെയ്യാം. പരമാവധി വേഗത 90kmph ആണ്. സ്‌കൂട്ടറിൽ മൂന്ന് റൈഡ് മോഡുകൾ ഉണ്ട്. റേഞ്ച്, പവർ, ടർബോ. പാർക്കിംഗ് അസിസ്റ്റിനായി ഒരു റിവേഴ്‌സ് മോഡും ഉണ്ട്.
കൈനറ്റിക് DXൽ ക്രൂയിസ് കൺട്രോൾ, 8.8 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ബിൽറ്റ്-ഇൻ സ്പീക്കർ, കീലെസ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ് അടക്കം നിരവധി ഫീച്ചറുകളുണ്ട്. ഒരു സവിശേഷമായ ഈസി ചാർജ് സിസ്റ്റവും സ്‌കൂട്ടറിൽ ഉണ്ട്.
ടോപ്പ്-സ്പെക്ക് DX+ വേരിയന്റ് പ്രധാനമായും ജിയോ-ഫെൻസിങ്, വെഹിക്കിൾ ട്രാക്കിങ്, ഫൈൻഡ് മൈ കൈനറ്റിക് തുടങ്ങിയ വിവിധ കണക്റ്റിവിറ്റി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ടെലികൈനറ്റിക് ടെലിമാറ്റിക്സ് സിസ്റ്റവുമായാണ് വരുന്നത്.

Top News from last week.

Latest News

More from this section