എഫ്സിആർഎ ഭേദഗതിയിൽ ആശങ്ക വേണ്ടെന്ന് കിരൺ റിജിജു; ക്രൈസ്തവ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി

ദുഃഖവെള്ളി ദിനത്തിൽ കേരളത്തിലെത്തിയ അദ്ദേഹം വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായും സംഘടനകളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കൊണ്ടുവരുന്ന ഭേദഗതികളിൽ ക്രൈസ്തവ സമൂഹത്തിന് ആശങ്ക വേണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. ദുഃഖവെള്ളി ദിനത്തിൽ കേരളത്തിലെത്തിയ അദ്ദേഹം വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായും സംഘടനകളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്
എഫ്സിആർഎ ലൈസൻസുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് സഭകൾ ഉന്നയിച്ച പരാതികൾ ന്യായമാണെന്നും ജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയെയും സർക്കാർ ദ്രോഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും പ്രതിനിധികൾ എഫ്സിആർഎ ഭേദഗതിയിലെ തങ്ങളുടെ ആശങ്കകൾ മന്ത്രിയെ ധരിപ്പിച്ചു. ലത്തീൻ അതിരൂപത പ്രതിനിധി ഫാദർ യൂജിൻ പെരേര, സിറോ മലബാർ സഭ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നിവയുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

സഭ ഉന്നയിച്ച പരാതികൾ പഠിക്കാൻ പ്രത്യേക അതോറിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഫാദർ യൂജിൻ പെരേര പറഞ്ഞു. ബില്ലിന്മേൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും ഈ പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്നവരെ സർക്കാർ സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയ റിജിജു, എന്നാൽ ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വെറുതെ വിടില്ലെന്നും മുന്നറിയിപ്പ് നൽകി.

“ഇന്ത്യ വിരുദ്ധ ഗ്രൂപ്പുകളെയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദേശത്ത് നിന്ന് വരുന്ന പണം രാജ്യതാത്പര്യത്തിന് വിരുദ്ധമായി യുവാക്കളെ വഴിതെറ്റിക്കാനോ തീവ്രവാദ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തടയേണ്ടത് സർക്കാരിന്റെ കടമയാണ്,” അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെ വിമർശനം

കേരളത്തിലെ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും എഫ്സിആർഎ ഭേദഗതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സന്നദ്ധ സംഘടനകളെയും ക്രൈസ്തവ മിഷനറിമാരെയും വഴിതെറ്റിക്കുകയാണെന്ന് റിജിജു ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം നുണപ്രചാരണങ്ങൾ ജനാധിപത്യത്തിന് ഗുണകരമല്ല. എൻഡിഎ സഖ്യത്തിന് കേരളത്തിൽ ലഭിക്കുന്ന വലിയ പിന്തുണയിൽ ഭയന്നാണ് ഇവർ നുണകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂനപക്ഷ സംരക്ഷണവും മോദി സർക്കാരും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന നയത്തിന്റെ ഭാഗമായി എല്ലാ ന്യൂനപക്ഷങ്ങളെയും സർക്കാർ സംരക്ഷിക്കുന്നുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. മുൻപ് കോൺഗ്രസ് മുസ്ലിം വിഭാഗത്തെ വോട്ട് ബാങ്കായി ഉപയോഗിക്കുകയും ക്രൈസ്തവ സമൂഹത്തെ വഴിതെറ്റിക്കുകയും ചെയ്തിരുന്നു. എന്നാൽ മോദി സർക്കാരിന് എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 12 വർഷമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പല ജനക്ഷേമ പദ്ധതികളും കേരളത്തിൽ കൃത്യമായി നടപ്പിലാക്കാൻ നിലവിലെ സർക്കാരിന് സാധിച്ചിട്ടില്ലെന്നും മെച്ചപ്പെട്ട ഒരു ഭരണമാണ് കേരളം അർഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് 25-ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അവതരിപ്പിച്ച എഫ്സിആർഎ ഭേദഗതി ബിൽ, വിദേശ ഫണ്ടുകളുടെ വിനിയോഗത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ബുധനാഴ്ച ബിൽ പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ചർച്ചയ്ക്കെടുത്തിരുന്നില്ല.

Top News from last week.

Latest News

More from this section