കണ്ണൂർ: ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതൽ തടങ്കലിലെടുത്ത് എക്‌സൈസ്. ബംഗളൂരുവിൽ നിന്നാണ് തളിപ്പറമ്പ് എക്‌സൈസ് നിഖിലയെ അറസ്റ്റ് ചെയ്തത്. എൻഡിപിഎസ് അഥവാ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്(ഇന്ത്യ) കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് എക്‌സൈസിന്റെ നടപടി.മുല്ലക്കോട് സ്വദേശിയായ നിഖിലയെ കഴിഞ്ഞ ഫെബ്രുവരിയിൽ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്‌സൈസ് സംഘം നിഖിലയെ പിടികൂടിയത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന നിഖില നേരത്തെ കഞ്ചാവ് കേസിലും പിടിയിലായിട്ടുണ്ട്. നിഖിലയുടെ വീട്ടിൽ നിന്നാണ് കഞ്ചാവും മെത്താഫിറ്റമിനും പിടികൂടിയത്. 2023 ഡിസംബറിലാണ് രണ്ട് കിലോ കഞ്ചാവ് ഇവരുടെ വീട്ടിൽ നിന്ന് പിടികൂടിയത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്. ഇതിനുപിന്നാലെയാണിപ്പോൾ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്.
ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകൾക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടർന്നാണ് ഇവർ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ട് തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങൾ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉൾപ്പെടെ ഇവർ തിരിഞ്ഞതെന്നാണ് എക്‌സൈസ് പറയുന്നത്.









