കൊച്ചി മെട്രോ രണ്ടാം ഘട്ടം: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടികളുമായി സർക്കാർ

തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് തൃക്കാക്കര ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർക്കാർ ഗൗരവമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമസഭയെ അറിയിച്ചു. ഉമ തോമസ് എം.എൽ.എ. ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി നിർമ്മാണ കോറിഡോറിലും പ്രധാന ജംഗ്ഷനുകളിലും രാവിലെ 8 മുതൽ രാത്രി 8 മണി വരെ പ്രത്യേക പരിശീലനം ലഭിച്ച ട്രാഫിക് വാർഡൻമാരെ നിയോഗിച്ചിട്ടുണ്ട്. സെന്റ് മാർട്ടിൻ ചർച്ച്, കുന്നുംപുറം, പടമുഗൾ, ഈച്ചമുക്ക് ജംഗ്ഷനുകളിലെ ബാരിക്കേഡുകൾ പരമാവധി മാറ്റിയും റോഡിലെ അപാകതകൾ തീർത്തും വീതി വർദ്ധിപ്പിച്ചു. പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഭാഗം മൂന്ന് സെക്ടറുകളായി തിരിച്ച് പോലീസിന്റെ ബൈക്ക്-മൊബൈൽ പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. പ്രധാന റോഡിലെ തിരക്ക് കുറയ്ക്കാൻ ബദൽ റോഡുകളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുകയും അവിടെ സൈൻ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ബദൽ റോഡുകളുടെ നവീകരണത്തിനായി കെ.എം.ആർ.എൽ. ആവശ്യപ്പെട്ട 7.5 കോടി രൂപയുടെ അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്.
മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകൾ വൃത്തിയാക്കിവരികയാണെന്നും മുൻകാല സുരക്ഷാ വീഴ്ചകൾ കണക്കിലെടുത്ത് നിലവിൽ കർശന മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമങ്ങൾ ലംഘിക്കുന്ന കരാറുകാർക്കെതിരെ കർശന നടപടിയുണ്ടാകും. വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, പോലീസ് തുടങ്ങി വിവിധ വകുപ്പുകളെ കളക്ടറുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഏകോപിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top News from last week.

Latest News

More from this section