കൊട്ടിയൂരില്‍ ഗതാഗതക്കുരുക്ക് ഇല്ലാത്ത വിധം സൗകര്യപ്രദമായ റോഡുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി

കണ്ണൂര്‍: കൊട്ടിയൂര്‍ ഉത്സവത്തിന് വരുന്നവര്‍ക്ക് ഗതാഗതക്കുരുക്ക് ഇല്ലാത്ത വിധം സൗകര്യപ്രദമായ റോഡുകള്‍ സ്ഥാപിക്കുമെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കാനായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്.തലശ്ശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊട്ടിയൂര്‍ ശിവക്ഷേത്രത്തില്‍ ടൂറിസം വകുപ്പിന്റെ മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇത്തവണ ഒരുകാലത്തും ഇല്ലാത്ത നിലയില്‍ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധി തീര്‍ഥാടകര്‍ കൊട്ടിയൂരിലെത്തി. അതിന് അനുസൃതമായ പശ്ചാത്തല വികസനം ഇവിടെ വേണം. പ്രദേശത്തിന്റെ പശ്ചാത്തലവികസനം ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ ശ്രമിക്കും.കൊട്ടിയൂര്‍ ക്ഷേത്രം ഉള്‍പ്പെടെ കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തി വിപുലമായ തീര്‍ഥാടന ടൂറിസത്തിനുള്ള പ്രൊപോസല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കൊട്ടിയൂര്‍ ക്ഷേത്ര പരിസരത്തു നടന്ന ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എം. എല്‍.എ അധ്യക്ഷത വഹിച്ചു.
പത്ത് കോടിയോളം രൂപ ചെലവഴിച്ച് ക്ഷേത്രത്തില്‍ ടൂറിസം വകുപ്പിന്റെ കൊട്ടിയൂര്‍ ടെംപിള്‍ ടൂറിസം എക്സ്പീരിയന്‍സ് സ്ട്രീറ്റ്, സ്ട്രീറ്റ് സ്‌കേപ്പ്, ടൂറിസ്റ്റ് അമിനിറ്റീസ് എന്നിങ്ങനെ മൂന്ന് ഘട്ട പദ്ധതിയാണ് പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടമായ ഗ്യാലറി, ട്രെയിനിങ് ആന്‍ഡ് പെര്‍ഫോമന്‍സ് യാര്‍ഡ്, മാര്‍ക്കറ്റ് സ്പേസ്, കോഫി കിയോസ്‌ക്, കൗ ഷെഡ്, ഇലക്ട്രിക്കല്‍ വര്‍ക് എന്നിവയാണ് പൂര്‍ത്തിയായത്. 4,52,35,763 രൂപയാണ് ചെലവ്. കെല്‍ ലിമിറ്റഡിനായിരുന്നു നിര്‍മ്മാണ ചുമതല.

 

Top News from last week.