റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണ്ണമോതിരം മോഷണം നടത്തിയ പ്രതിയെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ്ചെയ്തു


കോഴിക്കോട്/ റെയിൽവേ സ്റ്റേഷനിലെ എസി വെയിറ്റിംഗ് ഹാളിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണ്ണമോതിരം മോഷണം നടത്തിയ പ്രതിയെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ്ചെയ്തു. അസം ഡിബ്രൂഗഡ് സ്വദേശിനിയായ ബോബിത ദാസ് (25) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയുടെ ബേഗിൽ നിന്നും സ്വർണ്ണമോതിരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലെ എ.സി. വെയിറ്റിംഗ് ഹാളിൽ വെച്ച് മോഷണം പോവുകയായിരുന്നു.
.വെയിറ്റിംഗ് ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാരന്തൂർ മൊണാട് ഹോട്ടലിന് സമീപത്തുവെച്ച് ശനിയാഴ്ച വൈകിട്ട് 4ന് റെയിൽവേ പൊലീസ് സംഘം പ്രതിയെ തൊണ്ടി മുതൽ സഹിതം കസ്റ്റഡിയിലെടുത്തു.
സബ് ഇൻസ്പെക്ടർ സി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ സുനീഷ്, വിമല, എസ്.സി.പി.ഒ. ജോസ്, സി.പി.ഒ. അഖിലേഷ് ,റന്യ, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








