തിരുവനന്തപുരം: കെ പി സി സി പുനഃസംഘടനയ്ക്കും ഡി സി സി അധ്യക്ഷന്‍മാരെ മാറ്റുന്നതിനും പട്ടിക വെട്ടിച്ചുരുക്കാന്‍ കെ പി സി സി നേതൃത്വം തീരുമാനിത്തു. എ ഐ സി സി നിര്‍ദ്ദേശ പ്രകാരം പട്ടിക വെട്ടിച്ചുരുക്കാന്‍ വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം, കേരളത്തില്‍ പലവട്ടവും ദില്ലിയില്‍ മൂന്നു ദിവസവും നടത്തിയ പുനഃസംഘടനാ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല എന്നതാണ് അവസ്ഥ. എത്ര ഡി സി സി അധ്യക്ഷന്‍മാരെ മാറ്റണമെന്നതിലും ഇനിയും തീര്‍പ്പായിട്ടില്ല. പ്രധാന നേതാക്കളും എം പിമാരും പേരുകള്‍ നിര്‍ദ്ദേശിച്ചു. ഇത് എല്ലാം ഉള്‍പ്പെടുത്തിയ പട്ടികയുമായി എ ഐ സി സിയെ സമീപിച്ചു. നീളന്‍ പട്ടിക വെട്ടിയൊതുക്കാന്‍ മറുപടി കിട്ടി. ഇതോടെ ദില്ലി ചര്‍ച്ച മതിയാക്കി നേതാക്കള്‍ കേരളത്തിലേയ്ക്ക് മടങ്ങി. ഇനി പട്ടിക ചുരുക്കാന്‍ ഇവിടെ ചര്‍ച്ച നടത്തും.
കെ പി സി സി ഭാരവാഹികളെയും ഡി സി സി അധ്യക്ഷന്‍മാരെയും നിശ്ചയിക്കാന്‍ മാനദണ്ഡമുണ്ടാക്കും. നേതാക്കള്‍ നിര്‍ദ്ദേശിച്ച പേരുകള്‍ മാനദണ്ഡം വച്ച് പരിഗണിക്കും. പ്രവര്‍ത്തന മികവായിരിക്കണം മുഖ്യമാനദണ്ഡമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. സാമുദായിക ഘടകങ്ങളും പരിഗണിക്കേണ്ടി വരും.
എം പിമാരെ ഒന്നിച്ചു കണ്ട് അഭിപ്രായം കേള്‍ക്കലായിരുന്നു ദില്ലി യാത്രയുടെ പ്രധാന ഉദ്ദേശ്യമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ഡി സി സി അധ്യക്ഷന്‍മാരെ മാറ്റുന്നതിലെ എം പിമാരുടെ എതിര്‍പ്പും തര്‍ക്കവും ചര്‍ച്ച പ്രതിസന്ധിയിലാക്കി. കെ പി സി സിക്ക് ജംബോ കമ്മിറ്റിക്കുള്ള നീക്കത്തിനും ദില്ലിയില്‍ എതിര്‍പ്പുണ്ടായി. ഇനി കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ എന്ത് തീരുമാനം ഉണ്ടാകുമെന്നത് കണ്ടറിയണം. എന്തായാലും പുതിയ കെ പി സി സി നേതൃത്വം വിഷയത്തില്‍ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.
ഇന്നലെയാണ് ദില്ലി ചര്‍ച്ചക്ക് ശേഷം കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് കേരളത്തിലേക്ക് മടങ്ങിയത്. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും ദില്ലി ചര്‍ച്ചയില്‍ അന്തിമ രൂപമായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നും കെ പി സി സി അധ്യക്ഷന്‍ വിവരിച്ചിരുന്നു. ഡി സി സി അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്നും അതിന് ശേഷം ഉചിതമായ സമയത്ത് പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സണ്ണി ജോസഫ് പറഞ്ഞത്.









