കെ.പി.സി.സി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കണം: ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല


ന്യൂഡൽഹി: കേരള പ്രദേശിക കോൺഗ്രസ് കമ്മിറ്റിക്ക് (കെ.പി.സി.സി) മുഴുവൻ സമയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി നിർണായക കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധിയുടെ വസതിയിൽ വെച്ച് നടന്ന ചർച്ചയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്തെ നിലവിലെ സംഘടനാ സാഹചര്യങ്ങളും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു. എന്നാൽ നിർദ്ദിഷ്ട പേരുകളൊന്നും കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഓണാശംസകളും ഓപ്പറേഷൻ തൂഫാൻ ചർച്ചയും
ഡൽഹി സന്ദർശനവേളയിൽ കോൺഗ്രസ് ഉന്നത നേതാക്കൾക്ക് രമേശ് ചെന്നിത്തല ഓണാശംസകൾ നേർന്നു. സോണിയാ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കേരള സാരിയും, മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കസവ് മുണ്ടുമാണ് അദ്ദേഹം സമ്മാനിച്ചത്.
മഹാരാഷ്ട്രയിൽ രമേശ് ചെന്നിത്തലയുടെ മേൽനോട്ടത്തിൽ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പ്രചാരണ പരിപാടിയെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രത്യേകമായി അഭിനന്ദിച്ചു. പദ്ധതിയുടെ സംഘടനാ രീതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും നേതാക്കൾ ചോദിച്ചറിഞ്ഞു. വരുന്ന മാസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാക്കുമെന്നും, ഒക്ടോബറിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.









