കോട്ടയം: കെഎസ്‌യു പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്നും അവർക്കുണ്ടായ സങ്കടങ്ങൾ പാർട്ടി മുൻകൈയെടുത്ത് പരിഹരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കെഎസ്‌യു-മുഖ്യമന്ത്രി തർക്കത്തിൽ ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാണുന്ന ഈ സർക്കാരിന് നമ്മുടെ ഭാഗത്തുനിന്ന് തന്നെ അലോസരങ്ങൾ ഉണ്ടാകരുതെന്നും, പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ട വേദികളിലാണ് ആദ്യം ഉന്നയിച്ച് പരിഹരിക്കാൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നും ഇതിനായി ശ്രമങ്ങളുണ്ടാകും. അതേസമയം, വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും വിലകുറഞ്ഞതുമാണെന്ന് ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങവെ കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.









