ആഗോള ടൂറിസം ഭൂപടത്തില്‍ കേരളത്തെ പ്രദര്‍ശിപ്പിക്കുന്നതില്‍ കെടിഎമ്മിന് നിര്‍ണായക പങ്ക്: മന്ത്രി പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വാണിജ്യ മാര്‍ട്ടായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം) പതിമൂന്നാം എഡിഷന്‍ സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ട്ടിന്റെ ഭാഗമായുള്ള ബിസിനസ് മീറ്റുകള്‍ സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ നടക്കുമെന്ന് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യത്തെ കേരള ട്രാവല്‍ മാര്‍ട്ട് കൂടിയാണിത്. ഉദ്ഘാടന ചടങ്ങ് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററിലും മാര്‍ട്ട് കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലുമാണ് നടക്കുന്നത്.

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുത്തുന്നതിനായുള്ള കരട് രേഖ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് ടൂറിസം പങ്കാളികളുമായി യോഗം ചേരും.

ടൂറിസം മേഖലയില്‍ കേരളം മത്സരിക്കുന്നത് സംസ്ഥാനങ്ങളുമായല്ല, വിവിധ രാജ്യങ്ങളുമായിട്ടാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കേരളത്തിന്റെ പ്രധാന ടൂറിസം ഉല്‍പന്നങ്ങളായ ആയുര്‍വേദം, വെല്‍നസ്, മൈസ് എന്നിവയെ കുറേക്കൂടി ആകര്‍ഷകമാക്കി ലോകത്തിനു മുന്നില്‍ റീബ്രാന്‍ഡ് ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആഗോള ടൂറിസം ഭൂപടത്തില്‍ കേരളത്തെ പ്രദര്‍ശിപ്പിക്കുന്നതില്‍ കെടിഎം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കേരള ടൂറിസത്തിന്റെ വിപണി കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഉത്തരവാദിത്ത അനുഭവവേദ്യ ടൂറിസത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും നിലവിലുള്ള ഉല്‍പന്നങ്ങള്‍ക്കു പുറമേ പുതിയ ടൂറിസം ഉല്‍പന്നങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെടിഎമ്മിന് ഏകദേശം മൂന്നു മാസം അവശേഷിക്കെ ഇതിനകം 2360 ബയര്‍ രജിസ്‌ട്രേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 610 അന്താരാഷ്ട്ര ബയര്‍മാരും 1750 ആഭ്യന്തര ബയര്‍മാരും ഉള്‍പ്പെടുന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. 60 അന്താരാഷ്ട്ര മാധ്യമങ്ങളും 57 ആഭ്യന്തര മാധ്യമങ്ങളും ഉള്‍പ്പെടെ 117 മാധ്യമ രജിസ്‌ട്രേഷനുകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞു. കൂടാതെ 366 സെല്ലര്‍മാരും (എക്‌സിബിറ്റേഴ്‌സ്), സ്‌പോണ്‍സര്‍ഷിപ്പ്-ഗവണ്‍മെന്റ് സ്റ്റാളുകളിലായി 25 പ്രതിനിധികളും മാര്‍ട്ടില്‍ പങ്കെടുക്കും.

വാണിജ്യ കൂടിക്കാഴ്ചകള്‍, നയകര്‍തൃ യോഗങ്ങള്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാര്‍ട്ടിലുണ്ടാകും. ഇക്കുറി സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് പോസ്റ്റ്-മാര്‍ട്ട് ടൂറുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് വിവിധ മേഖലകളിലായാണ് ഇത്തവണ ടൂര്‍ സംഘടിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട വിദേശ-ആഭ്യന്തര മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള ടൂര്‍ പരിപാടി മാര്‍ട്ടിന് മുന്‍പായി നടത്തും.

പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുന്നു എന്നതാണ് ഇത്തവണത്തെ മാര്‍ട്ടിന്റെ മറ്റൊരു പ്രധാന സവിശേഷത. രജിസ്‌ട്രേഷന്‍, വാണിജ്യ (ബിടുബി) കൂടിക്കാഴ്ചകള്‍ തുടങ്ങി മാര്‍ട്ടിലെ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റലാക്കും. ഇതിനായി പുതിയ സോഫ്റ്റ്വെയറും മൊബൈല്‍ ആപ്പുമായിരിക്കും ഉപയോഗിക്കുക.
പുതിയ ടൂറിസം ഉല്‍പന്നങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കെടിഎം നടത്തിയ വെഡ്ഡിംഗ് ആന്‍ഡ് മൈസ് (എംഐസിഇ) കോണ്‍ക്ലേവ് വന്‍ വിജയമായിരുന്നു. കേരള കണ്‍വെന്‍ഷന്‍ പ്രൊമോഷന്‍ ബ്യൂറോ രൂപീകരണം, ഈ മേഖലയ്ക്കായുള്ള പ്രത്യേക നയം തുടങ്ങിയ പ്രഖ്യാപനങ്ങളോടെയാണ് അന്ന് ഉച്ചകോടി സമാപിച്ചത്.

കെടിഎമ്മിനെ ലോകത്തെ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ഗ്ലോബല്‍ ട്രേഡ് ഫെയറാക്കി മാറ്റാനാകുമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു. അതുവഴി ഇന്ത്യയിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ബിസിനസ് സംരംഭങ്ങള്‍ക്കും ആഗോള തലത്തില്‍ വലിയ അവസരങ്ങളാണ് ഒരുങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പങ്കാളികള്‍ക്കും ടൂറിസം വിപണിയിലെ പുതിയ പ്രവണതകള്‍ അറിയാനുള്ള അവസരമാണെന്ന് ടൂറിസം ഡയറക്ടര്‍ എം.അഞ്ജന പറഞ്ഞു.

ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ സുരേഷ്, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്.സ്വാമിനാഥന്‍, മുന്‍ പ്രസിഡന്റുമാരായ ബേബി മാത്യു, അബ്രഹാം ജോര്‍ജ്, ഇഎം നജീബ്, ട്രഷറര്‍ ജിബ്രാന്‍ ആസിഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പുതിയ വിപണികളില്‍ നിന്നും വിദേശ ബയര്‍മാരെ കൂടുതലായി കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും, നിലവിലുള്ള മാര്‍ക്കറ്റുകളില്‍ നിന്ന് പുതിയ ബയര്‍മാരെ കണ്ടെത്തി മാര്‍ട്ടില്‍ പങ്കെടുപ്പിക്കുന്നതിനും ഊര്‍ജിതമായ ശ്രമങ്ങള്‍ കെടിഎമ്മിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Top News from last week.

Latest News

More from this section