കുന്നംകുളം കസ്റ്റഡി മർദനം; നിയമോപദേശം തേടി ഡിജിപി, പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

 

 

തൃശ്ശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ നിയമോപദേശം തേടി ഡിജിപി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെയുള്ള അച്ചടക്കനടപടി പുനപരിശോധിക്കുന്നതിലാണ് പരിശോധന നടത്തുക. ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ കൊണ്ട് പുനപ്പരിശോധിക്കാനാണ് തീരുമാനം. കോടതിയിൽ കേസ് നിൽക്കുമ്പോൾ പുനപ്പരിശോധ സാധ്യമാണോ എന്നാണ് നിയമോപദേശം. കോടതി അലക്ഷ്യമാകിലെങ്കിൽ ഉടൻ അച്ചക്കട നടപടി പുനപ്പരിശോധിക്കും. നിലവിൽ 3 പൊലീസുകാരുടെ രണ്ട് ഇൻഗ്രിമെൻറാണ് റദ്ദാക്കിയത്.

 

എന്നാൽ സംഭവത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. സുജിത്തിനെ തല്ലിയ പൊലീസുകാരൻ ശശിധരന്റെ വീട്ടിലേക്ക് പ്രവർത്തകർ ഇന്ന് മാർച്ച് നടത്തും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേഷ് ചെന്നിത്തല സുജിത്തിനെ ഇന്ന് നേരിട്ട് കാണും. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സുജിത്തിനെ കണ്ട് മുന്നോട്ടുള്ള പോരാട്ടത്തിന് പാർട്ടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സതീശൻ പ്രതികരിച്ചത്.

 

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോൺഗ്രസ് നയിക്കുമെന്നാണ് വിഡി സതീശൻ ഇന്നലെ പറഞ്ഞത്. ശക്തമായ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസും നടത്തുന്നത്. ഇന്ന് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥൻ ശശിധരന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥൻ സജീവന്റെ വീടിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗുണ്ടകളെന്ന് ആലേഖനം ചെയ്ത പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. തിരുവോണദിനത്തിൽ തൃശൂർ ഡിഐജി ഓഫീസിന് മുമ്പിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതീകാത്മക കൊലച്ചോറ് സമരവും സംഘടിപ്പിച്ചു.

 

സുജിത്തിന് ക്രൂരമർദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ നിർദേശം. 2023 ഏപ്രിൽ അഞ്ചിനാണ് കോൺഗ്രസ് പ്രവർത്തകന് കസ്റ്റഡിയിൽ മർദനം നേരിട്ടത്. രണ്ടുവർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷൻറെ ഉത്തരവ് പ്രകാരമാണ് മർദന ദൃശ്യങ്ങൾ ലഭിച്ചത്.

Top News from last week.

Latest News

More from this section