കൂത്തുപറമ്പ് : കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള കൂത്തുപറമ്പ് ഐ.എച്ച്.ആർ.ഡി. കോളേജ് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. വലിയവെളിച്ചത് ഒരേക്കറിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. കൂത്തുപറമ്പ് എം.എൽ.എ.മാരായിരുന്ന പി.ജയരാജന്റെ 50 ലക്ഷം രൂപയും കെ.കെ.ശൈലജയുടെ രണ്ടുകോടിരൂപയും കെ.പി.മോഹനന്റെ ഒരുകോടി രൂപയും ആസ്തിവികസന ഫണ്ടിൽനിന്ന് മൂന്നരക്കോടി രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.
രണ്ട് നിലകളിലായി 12 ക്ലാസ് മുറികൾ, ശൗചാലയം, സ്മാർട്ട് ക്ലാസ് റൂം, ഇലക്ട്രോണിക്സ്, കമ്പ്യൃട്ടർ സയൻസ് വിഷയങ്ങൾക്കുള്ള ലാബ് ബ്ലോക്ക്, ലൈബ്രറി എന്നിവ സജ്ജീകരിച്ചു. 14-ന് കെട്ടിടം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ ഡോ. എ.പി.കുട്ടികൃഷ്ണൻ പറഞ്ഞു.