ഭൂപതിവ് ചട്ട ഭേദഗതിക്ക് അംഗീകാരം; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഭൂപതിവ് ചട്ട ഭേദഗതിക്ക് അംഗീകാരം നൽകി മന്ത്രിസഭ. ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഭൂമി പതിച്ച് കിട്ടിയവരിൽ പലരുടെയും നിർമാണവും കൈമാറ്റവും വലിയ ബുദ്ധിമുട്ടുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയത്. പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകാനുള്ള തടസം നീങ്ങും. മലയോര മേഖലയിലെ ഭൂപ്രശ്‌നത്തിൽ ജനങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. അത് പരിഹരിക്കുക എന്നത് സർക്കാർ ലക്ഷ്യം ആയിരുന്നു’, മുഖ്യമന്ത്രി പറഞ്ഞു.

 

എൽഡിഎഫ് മുന്നോട്ട് വെച്ച പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് നടപ്പാക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. 65 വർഷത്തെ കാത്തിരിപ്പിന് വിരാമമായി. എല്ലാ വിഭാഗവും ആയി ചർച്ച ചെയ്തെന്നും ഈ ഭേദഗതി തികച്ചും ജനാധിപത്യപരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പിന്നാലെ ആണ് ഭേദഗതി തയ്യാർ ആക്കിയതെന്നും ഇതുവരെ ഉണ്ടായ വ്യതിചലനം ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

‘ഭൂമി വ്യാപകമായി ദുർവിനിയോഗം ചെയ്യുന്ന പ്രശ്നം പരിഗണിക്കണം. കോടതി ഉത്തരവുകൾ പരിശോധിച്ച ശേഷം യോഗങ്ങൾ ചേർന്നാണ് ചട്ടങ്ങൾക്ക് അന്തിമ രൂപം നൽകുന്നത്. രണ്ട് ചട്ടം കൊണ്ട് വരുന്നു. പതിവ് കിട്ടിയ ഭൂമിയിൽ ഇത് വരെ ഉള്ള വക മാറ്റൽ ക്രമീകരിക്കും. പട്ടയ ഭൂമി ജീവനോപാധി ആക്കാൻ അനുവദിക്കും’, മുഖ്യമന്ത്രി പറഞ്ഞു. 2023ൽ സർക്കാർ ഭൂപതിവ് നിയമം ഭേദഗതി ചെയ്തിരുന്നു. എന്നാൽ ചട്ടം പ്രാബല്യത്തിലാകാത്തത് കൊണ്ട് നിയമഭേദഗതിയുടെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമായിരുന്നില്ല.

Top News from last week.

Latest News

More from this section