ടാൽറോപ് കമ്പനിയിലെ പിരിച്ചുവിടൽ: ഇടപെടൽ നടത്തി തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ,

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ പിരിച്ചുവിട്ട ഐ.ടി. കമ്പനിയായ ടാൽറോപിൻ്റെ നടപടിയിൽ സംസ്ഥാന ലേബർ കമ്മിഷണറേറ്റ് റിപ്പോർട്ട് തേടി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ തൊഴിൽ ഭവനിൽ 2026 ജൂലൈ 16ന് അഡീഷണൽ ലേബർ കമ്മിഷണർ കെ.എം. സുനിലിൻ്റെ അധ്യക്ഷതയിൽ ചർച്ച നടന്നു. എറണാകുളം ജോയിൻ്റ് ലേബർ കമ്മിഷണറോട് റിപ്പോർട്ട് തേടാൻ യോഗത്തിൽ തീരുമാനിച്ചു. ജൂലൈ 20ന് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടേണ്ടി വന്ന സാഹചര്യം, അവർക്ക് കമ്പനി നൽകാനുള്ള ശമ്പള കുടിശിക അടക്കമുള്ള സാമ്പത്തിക ബാധ്യത, സ്ഥാപനത്തിൻ്റെ തൊഴിലാളി വിരുദ്ധ നിലപാട് കാരണം ജീവനക്കാരിൽ ചിലർ രാജി വയ്ക്കേണ്ടിവന്ന സാഹചര്യം, നിയമന രീതി തുടങ്ങിയവ ഉൾപ്പെടുന്ന സമ്പൂർണ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്ഥാപനത്തിൽ ആകെ 608 ജീവനക്കാർ ഉള്ളതായാണ് നിലവിലെ രേഖകൾ പറയുന്നത്. ഇതിൻ്റെ കൃത്യമായ കണക്ക് ശേഖരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂലൈ 25നകം തൊഴിലാളി പ്രതിനിധികളുമായി നടത്തുന്ന ചർച്ചയിൽ റിപ്പോർട്ടും പരിഗണിക്കും. ശേഷം ടാൽറോപ് കമ്പനിക്ക് നോട്ടീസ് അയക്കുകയും പിരിച്ചുവിട്ടവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ തുടർ നടപടികളിലേക്ക് കടക്കുകയും ചെയ്യും.

 

കൂട്ടപിരിച്ചുവിടലിൽ തൊഴിലാളികൾ പ്രതിസന്ധിയിലായപ്പോഴാണ് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണ ഇടപെട്ടതും നടപടിക്ക് ലേബർ കമ്മിഷണറേറ്റിന് നിർദ്ദേശം നൽകിയതും.

തൊഴിൽ ഭവനിൽ നടന്ന ചർച്ചയിൽ എറണാകുളം റീജിയണൽ ലേബർ കമ്മിഷണർ കെ. സുരേഷ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ (ആസ്ഥാനം) സതീഷ് കുമാർ, എറണാകുളം ജില്ലാ ലേബർ ഓഫീസർ മിനോയ് ജയിംസ്, തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Top News from last week.