തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ കോർപ്പറേഷൻ ഭരണത്തെ പരമാവധി മോശമാക്കിക്കാണിക്കാനുള്ള വെപ്രാളത്തിൽ സമരത്തിൻറെ പേരിൽ പലവിധ കാട്ടിക്കൂട്ടലുകൾ നടത്തുകയാണ് എൽ ഡി എഫ് ചെയ്യുന്നതെന്ന് മേയർ മസ്ലിഹ് മഠത്തിൽ പറഞ്ഞു. സമരം ചെയ്യുക എന്ന ജനാധിപത്യ അവകാശത്തിന് ആരും എതിരല്ല. എന്നാൽ അതിൻറെ പേരിൽ ചിരട്ടയും, മാലിന്യങ്ങളും കോർപ്പറേഷൻ ഓഫീസ് വരാന്തയിൽ കൊണ്ടിട്ട് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പ്രാകൃത സംസ്‌കാരമാണ്. ഇതിന് സി പി എമ്മിൻറെ ജില്ലാ സെക്രട്ടറി തന്നെ നേതൃത്വം നൽകുന്നത് നാണക്കേടാണ്.
സമരത്തിനാധാരമായ വിഷയങ്ങൾ സംബന്ധിച്ച വിശദീകരണം പല തവണ തന്നതാണ്. ലെഗസി വേസ്റ്റുമായി ബന്ധപ്പെട്ട വിഷയം കൗൺസിൽ മണിക്കൂറുകളോളം ചർച്ച ചെയ്ത് എൽ ഡി എഫ് ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ല എന്നും ഏതന്വേഷണത്തിനും തയ്യാറാണ് എന്ന് പ്രഖ്യാപിച്ചതുമാണ്. മൾട്ടി ലെവൽ കാർ പാർക്കിംഗ് നിർമ്മാണ പ്രവൃത്തി വൈകുന്നത് സർക്കാരിൽ നിന്നും പുതുക്കിയ എസ്റ്റിമേറ്റിനുള്ള അനുമതി ലഭിക്കാത്തതിനാലാണ്. ഒരു വർഷത്തോളം കാത്തിരുന്ന് അനുമതി ലഭിച്ച് പണി പുനരാരംഭിച്ചിട്ടുണ്ട്.
എസ് ടി പി യുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. എൽ ഡി എഫ് കൗൺസിലർമാരോട് യാതൊരു വിവേചനവും കാണിച്ചിട്ടില്ല. ഓരോ വാർഡിലെയും വികസന ആവശ്യങ്ങൾക്കനുസരിച്ചാണ് ഫണ്ട് അനുവദിക്കുന്നത്. എൽ ഡി എഫ് കൗൺസിലർമാരുള്ള സൗത്ത് ബസാറിലും താളിക്കാവിലുമൊക്കെ പലവിധ വികസനപ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ എം എൽ എ ഫണ്ട് അനുവദിക്കുന്നതിൽ യു ഡി എഫ് കൗൺസിലർമാരോട് കടുത്ത വിവേചനമാണ് കാണിക്കുന്നത്. ഇത്രയും ഡിവിഷനുള്ള മറ്റ് കോർപ്പറേഷനുകൾക്ക് നൽകുന്ന ഫണ്ട് പോലും കണ്ണൂർ കോർപ്പറേഷന് സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല. അതോടൊപ്പം കരാറുകാരന് സർക്കാർ തുക നൽകാത്തതിനാൽ ആസ്ഥാനമന്ദിരത്തിൻറെ നിർമ്മാണം നിലച്ചിട്ട് മാസങ്ങളായി.
സർക്കാരിൻറെ ഇത്തരം നയങ്ങൾക്കെതിരെയാണ് എൽ ഡി എഫ് സമരം ചെയ്യേണ്ടത്. മാത്രമല്ല ജില്ലാ പഞ്ചായത്തിൻറെ ഓഡിറ്റ് റിപ്പോർട്ടിൽ ഒട്ടനവധി പരാമർശങ്ങൾ, ക്വാളിറ്റി ഇല്ലാത്ത വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തതും ടെണ്ടർ ഇല്ലാതെ പലതിനും കരാർ നൽകിയതൊക്കെ ആണ് യഥാർത്ഥത്തിൽ അഴിമതി.
പയ്യാമ്പലത്ത് ചിരട്ട വിതരണത്തിന് ആരും ടെണ്ടർ എടുക്കാത്തതിനാൽ വകുപ്പ് തലത്തിലാണ് ചിരട്ട വാങ്ങാൻ നടപടി സ്വീകരിക്കുന്നത്. ഇത്തരത്തിൽ വിതരണം ചെയ്യുന്നയാളും ഇടക്കിടെ വില വർദ്ധിപ്പിക്കുന്നതു കാരണം മറ്റൊരാളെ കണ്ടെത്തുന്നതിനുള്ള കാലതാമസമാണ് പയ്യാമ്പലത്ത് കുറച്ചുനേരം പ്രയാസങ്ങൾ ഉണ്ടായത്. ആയത് പരിഹരിച്ചിട്ടുണ്ട്.
വസ്തുതകൾ ഇതായിരിക്കെ ചിലർ സമര പരമ്പരയുമായി വരുന്നത് തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ജില്ലാ പഞ്ചായത്തിൻറെ അഴിമതി കഥകൾ ചർച്ച ചെയ്യപ്പെടാതിരിക്കാനും ആണ്. എന്നാൽ കണ്ണൂരിലെ പ്രബുദ്ധരായ ജനങ്ങൾ ഇതൊക്കെ മനസ്സിലാക്കുന്നുണ്ടെന്നും എക്കാലത്തും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും എം വി ജയരാജൻ ഉൾപ്പെടെയുള്ള എൽ ഡി എഫ് നേതാക്കൾ മനസ്സിലാക്കേണ്ടതാണ്.






