തിരുവനന്തപുരം:ചാൻസലർ ബിൽ രാഷട്രപതിക്ക് അയക്കാൻ ഗവർണ്ണർക്ക് നിയമോപദേശം. ഗവർണ്ണറെ ബാധിക്കുന്ന ബില്ലിൽ സ്വയം തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്ന് കാണിച്ചാണ് രാജ് ഭവൻ ലീഗൽ അഡൈ്വസറുടെ ഉപദേശം. നിയമസഭ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം രാഷ്ട്രപതിക്ക് അയക്കാമെന്ന് ഭരണഘടന തന്നെ ചൂണ്ടിക്കാട്ടുന്നുണ്ടെന്നാണ് ഉപദേശം. സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണ്ണറെ മാറ്റാനുള്ള ബില്ലിൽ ഗവർണ്ണർ സ്വന്തം നിലക്ക് തീരുമാനം എടുക്കുന്നതിലെ നിയമപ്രശ്‌നങ്ങളും ഉപദേശത്തിൽ ഉന്നയിക്കുന്നു.
സജി ചെറിയാന്റെ സത്യപ്രതിജ്ഞയിലെന്ന പോലെ ലീഗൽ അഡൈ്വസർക്ക് പുറമെ രാജ്യത്തെ പ്രമുഖ ഭരണഘടനാ വിദഗ്ധരുടെയും ഉപദേശം കൂടി തേടിയാകും ഗവർണ്ണറുടെ അന്തിമതീരുമാനം. ബിൽ രാഷ്ട്രപതിക്ക് വിടുമ്പോൾ ആദ്യം അയക്കുക കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്.വിദ്യാഭ്യാസ വിഷയമായതിനാൽ ആഭ്യന്തരമന്ത്രാലയലം വിദ്യാഭ്യാസമന്ത്രാലയത്തിന് കൈമാറും പിന്നെ നിയമമന്ത്രാലയവും കൂടി പരിശോധിച്ച് നിരീക്ഷണങ്ങൾ ചേർത്താണ് രാഷ്ട്രപതിക്ക് അയക്കുക. രാഷ്ട്രപതിക്ക് അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യാം. നിർദ്ദേശങ്ങളോടെ പുനപ്പരിശോധനക്ക് മടക്കി അയക്കാം.