കണ്ണൂർ ജില്ലയിലെ എല്ലാ വാർഡിലും പൊതുവിടങ്ങൾ രൂപീകരിച്ച് കൊണ്ട് കണ്ണൂർ ജില്ലയെ സമ്പൂർണ വായനശാല ജില്ലയാക്കാനുള്ള പീപ്പിൾസ് മിഷന്റെ പ്രവർത്തനങ്ങൾക്ക് എൻ എസ് എസ് ന്റെ സമ്മാനം. എല്ലാ വാർഡിലും പൊതുവിടങ്ങൾ രൂപീകരിക്കുക എന്ന പീപ്പിൾസ് മിഷന്റെ പ്രവർത്തനങ്ങൾക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി എൻ എസ് എസ് യൂണിറ്റുകളുടെ പരിശ്രമത്തിന്റെ ഭാഗമായി 2 വായനശാലകളാണ് ആരംഭിച്ചത്. വായനശാലകളുടെ ഉദ്ഘാടനം രാജ്യസഭാംഗം ഡോ വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. കുറുമാത്തൂർ പഞ്ചായത്തിൽ സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കരിമ്പം ചവനപ്പുഴയിലാണ് നവഭാവന വായനശാല ആരംഭിച്ചത്. ചവനപ്പുഴ മീത്തൽ ഈ എം എസ് മന്ദിരത്തിൽ നടന്ന പരിപാടിയിൽ കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് പി രമേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബീന പി പ്രവർത്തനങ്ങൾ വിശദീകരിച്ചു. തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ പി കെ സുബൈർ ആദ്യ പുസ്തക വിതരണം നിർവഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി മാധവൻ പുസ്തകം ഏറ്റുവാങ്ങി. എൻ എസ് എസ് യൂണിറ്റിന്റെ അടുത്ത ലൈബ്രറി പ്രോജെക്റ്റിന് വേണ്ടിയുള്ള പുസ്തകം തളിപ്പറമ്പ് നഗരസഭാ കൗൺസിലർ മുഹമ്മദ് ബഷീർ കെ ഏറ്റുവാങ്ങി കൊണ്ട് പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, വി വി ചന്ദ്രമതി, അള്ളാംകുളം മഹമൂദ്, വി എം വിമല ടീച്ചർ, ശ്രീധരൻ കൈതപ്രം, ഹരിദാസൻ നടുവിലത്ത്, റിജു കെ പി , അൻവർ പി എസ്, മഹറൂഫ് മാസ്റ്റർ, ഫൈസൽ സി വി, രാജീവൻ പി പി, ടി മോഹനൻ, കനകരാജൻ പി പി എന്നിവർ സംസാരിച്ചു. ടി പ്രകാശൻ സ്വാഗതവും, നിതീഷ് ടി നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മോഡി കൂട്ടി.
മാടായി ഗ്രാമ പഞ്ചായത്തിൽ മുട്ടം കക്കാടപ്പുറത്താണ് വാദിഹുദ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുട്ടം പബ്ലിക് ലൈബ്രറി ആരംഭിച്ചത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബബിത കുമാരി അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിത പി പി പദ്ധതി വിശദീകരിച്ചു. ആദ്യ പുസ്തക വിതരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സക്കറിയനിർവഹിച്ചു , ഗ്രാമ പഞ്ചായത്ത് മെമ്പർ മുഹ്സിന പുസ്തകം ഏറ്റുവാങ്ങി. സക്കീന എസ് വി പി, ശ്രീധരൻ കൈതപ്രം, കെ വിനോദ്, എസ് എ പി അബ്ദുസലാം, ലൈല നസീം, സയ്യിദ് ഇബ്രാഹിം, ഹരിദാസൻ നടുവലത്ത് കെ ആശംസകൾ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ സജിത്ത് കുമാർ പി കെ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ഷുഹൈബ് എസ് വി പി നന്ദിയും പറഞ്ഞു









