ഒന്നാം പാദത്തിൽ മിന്നുന്ന നേട്ടവുമായി എൽഐസി; അറ്റാദായം 23 ശതമാനം വർധിച്ച് 13,492 കോടി രൂപയായി


മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ മിന്നുന്ന പ്രകടനവുമായി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച 10,986 കോടി രൂപയിൽ നിന്ന് കമ്പനിയുടെ അറ്റാദായം 23 ശതമാനം വർധിച്ച് 13,492 കോടി രൂപയിലെത്തി. ഇതോടൊപ്പം അറ്റ പ്രീമിയം വരുമാനം ഏഴ് ശതമാനം ഉയർന്ന് 1.27 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തു.

ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് വിപണിയിൽ 60.1 ശതമാനം വിപണി വിഹിതവുമായി കമ്പനി തങ്ങളുടെ അപ്രമാദിത്വം തുടരുകയാണ്. വ്യക്തിഗത ഇൻഷുറൻസ് വിഭാഗത്തിൽ 38.89 ശതമാനവും ഗ്രൂപ്പ് ബിസിനസ് വിഭാഗത്തിൽ 70.9 ശതമാനവുമാണ് നിലവിലെ വിപണി വിഹിതം. കമ്പനിയുടെ വ്യക്തിഗത പ്രീമിയം വരുമാനം ആറ് ശതമാനം വർധിച്ച് 75,416 കോടി രൂപയായപ്പോൾ, ഗ്രൂപ്പ് ബിസിനസ് പ്രീമിയം വരുമാനം ഒൻപത് ശതമാനം വളർച്ചയോടെ 51,834 കോടി രൂപയായി ഉയർന്നു. ഇക്കാലയളവിൽ വ്യക്തിഗത വിഭാഗത്തിൽ മാത്രം 31.02 ലക്ഷം പോളിസികളാണ് എൽഐസി വിറ്റഴിച്ചത്. ഇത് മുൻവർഷത്തേക്കാൾ രണ്ട് ശതമാനം കൂടുതലാണ്.
ആനുവലൈസ്ഡ് പ്രീമിയം ഇക്വിവലന്റ് അടിസ്ഥാനത്തിൽ ഒന്നാം പാദത്തിലെ ആകെ പ്രീമിയം വരുമാനം 13,692 കോടി രൂപയാണ്. ഇതിൽ 55 ശതമാനം സംഭാവന ചെയ്തത് വ്യക്തിഗത ബിസിനസ്സും 45 ശതമാനം സംഭാവന ചെയ്തത് ഗ്രൂപ്പ് ബിസിനസ്സുമാണ്. വ്യക്തിഗത ബിസിനസ്സിലെ പങ്കാളിത്ത ഉൽപ്പന്നങ്ങൾ പ്രീമിയത്തിന്റെ 67.51 ശതമാനവും ഇതര ഉൽപ്പന്നങ്ങൾ 32.49 ശതമാനവും പങ്കുവഹിച്ചു. കമ്പനിയുടെ കടം വീട്ടാനുള്ള ശേഷി വ്യക്തമാക്കുന്ന സോൾവൻസി അനുപാതം കഴിഞ്ഞ വർഷത്തെ 2.17-ൽ നിന്ന് 2.42 ആയി ഉയർന്നിട്ടുണ്ട്. അതേസമയം, മൊത്തം ചെലവ് അനുപാതം നേരിയ വർധനവോടെ 10.63 ശതമാനമായി. നിലവിൽ കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി നാല് ശതമാനം വർധിച്ച് 59.39 ലക്ഷം കോടി രൂപ എന്ന വൻ തുകയിലെത്തി നിൽക്കുകയാണ്.









