ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടി നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ് . ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കർ സാപ്പ് വാർഷിക അവലോകനയോഗത്തിലാണ് നിർദ്ദേശം.(കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എ.എം.ആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാകള്‍ച്ചര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നടന്ന പഠനങ്ങളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടു വരുന്നത്. എല്ലാ മേഖലകളിലുമുള്ള അശാസ്ത്രീയമായ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിലേക്ക് നയിച്ചതെന്നും യോഗം വിലയിരുത്തി. മനുഷ്യരില്‍ മാത്രമല്ല, മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയിലും കൂടുതലായി അശാസ്ത്രീയമായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.പരിസ്ഥിതിയില്‍ നിന്നു ശേഖരിച്ച സാമ്പിളുകളില്‍ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ബാക്ടീരിയകളേയും ജീനുകളേയും ആന്റിബയോട്ടിക് അംശവും കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം കൂടാനുള്ള ഒരു മുഖ്യ കാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസികളില്‍ നിന്നും നേരിട്ട് ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കര്‍ശനമായി വിലക്കിക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.കേരളത്തില്‍ നടത്തിവരുന്ന ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് പ്രവര്‍ത്തനങ്ങള്‍ യോഗം വിശദമായി വിലയിരുത്തി. ആന്റിബയോട്ടിക് സാക്ഷരതക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാധ്യമങ്ങളുടെ പിന്തുണയോടെ അവബോധവും ശക്തിപ്പെടുത്തും. കാര്‍ബപെനം മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള രക്തത്തിലുള്ള അണുബാധകളെ പ്രത്യേകം നോട്ടിഫയബിള്‍ കണ്ടീഷനാക്കി പ്രഖ്യാപിക്കുന്നത് പരിശോധിക്കും.

കേരളത്തിലെ ഏത് ആശുപത്രിയിലും കാര്‍ബപെനം മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള രക്തത്തിലുള്ള അണുബാധ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, മുഖ്യമന്ത്രിയുടെ സയന്റിഫിക് ഉപദേശകൻ ഡോ. എം.ഡി. ദത്തന്‍, ഫുഡ് സേഫ്റ്റി കമീഷണര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മീനാക്ഷി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഐ.എസ്.എം ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. ജയന്‍,

പൊല്ലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. ഷീല മോസസ്, ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, കര്‍സാപ്പ് നോഡല്‍ ഓഫിസര്‍ ഡോ. മഞ്ജുശ്രീ, വര്‍ക്കിങ് കമ്മിറ്റി കണ്‍വീനര്‍ ഡോ. അരവിന്ദ്, ഐ.എം.എ പ്രതിനിധി ഡോ. ഗോപികുമാര്‍, മൃഗസംരക്ഷണ വകുപ്പ് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ ഡോ. സ്വപ്ന സൂസന്‍ മാത്യു, വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

ആന്റിബയോട്ടിക് പ്രതിരോധത്തില്‍ നമുക്കും പങ്കാളികളാകാം

1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍ ഇവക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല.

2. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ.

3. ഒരിക്കലും ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.

4. ചികിത്സ കഴിഞ്ഞു ശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.

5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

6. രോഗശമനം തോന്നിയാല്‍ പോലും ഡോക്ടര്‍ നിര്‍ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കണം.

7. ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ല.

8. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുക.

9. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

10. പ്രതിരോധ കുത്തിവെപ്പുകൾ കാലാനുസൃതമായി എടുക്കുക.

കേരളത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സന്ദേശം ഈ കേന്ദ്രങ്ങള്‍ വഴി പരമാവധി പേരിലെത്തിക്കും.

Top News from last week.

Latest News

More from this section