കണ്ണൂർ: എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ചെറിയ പെരുന്നാൾ ദിനത്തിൽ കണ്ണൂർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഈദ് ഗാഹുകളിൽ പങ്കെടുത്തു. ജവഹർ സ്റ്റേഡിയം, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ ഈദ്ഗാഹിലും സിറ്റി ജുമാ മസ്ജിദ് പള്ളി, അഹമദീയ പള്ളി താവക്കര, വെത്തിലപ്പള്ളി പുതിയ ജുമാ മസ്ജിദ് പള്ളി എന്നിവിടങ്ങളിലെ പെരുനാൾ നമസ്‌കാര ചടങ്ങിലും പങ്കെടുത്തു.
കേരളത്തിലെ മതസൗഹാർദം നശിപ്പിക്കാൻ പല വിധത്തിൽ നടത്തുന്ന ശ്രമങ്ങളെ വിശ്വാസികൾ കരുതിയിരിക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽ ഈദ് സന്ദേശം നൽകി കൊണ്ട് എം വി ജയരാജൻ പറഞ്ഞു. രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ കേരളം മാതൃകയാകണമെന്നും ജയരാജൻ കൂട്ടിചേർത്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഒ കെ വിനീഷ്, കെ ഷഹറാസ്, ടിവി ജയൻ എന്നിവരും കൂടെയുണ്ടായിരുന്നു.
എൽഡിഎഫ് യുവജനസംഘടനകളുടെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട്, അഴീക്കൽ ചാൽബീച്ച്, പുല്ലൂപ്പി എന്നിവിടങ്ങളിൽ നടന്ന ഡിജെ ബാന്റ് പരിപാടിയിലും ജയരാജൻ പങ്കെടുത്തു. ചെറിയ പെരുനാൾ ആയതിനാൽ ബുധനാഴ്ച പൊതു പര്യടനം ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച ഇരിക്കൂർ മണ്ഡലത്തിലാണ് പര്യടനം.