കരയിലും കടലിലും ന്യൂനമർദ്ദം:സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത; തീരദേശങ്ങളിൽ കടലാക്രമണ മുന്നറിയിപ്പ്


തിരുവനന്തപുരം: കരയിലും കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്താൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപം പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ തന്നെ തീവ്ര ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. ഇതിനുപുറമെ മധ്യപ്രദേശിന് മുകളിലും മറ്റൊരു ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.

ഇതിന്റെ ഫലമായി സംസ്ഥാനത്ത് പ്രത്യേകിച്ച് മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. വിവിധ ജില്ലകളിൽ അടുത്ത 5 ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും 14-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ മഴ ലഭിക്കാനിടയുള്ളതിനാൽ കനത്ത ജാഗ്രത വേണം.
അതേസമയം, ‘കള്ളക്കടൽ’ പ്രതിഭാസത്തെ തുടർന്ന് കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം (കാപ്പിൽ – പൊഴിയൂർ), കൊല്ലം (ആലപ്പാട്ട് – ഇടവ), ആലപ്പുഴ (ചെല്ലാനം – അഴീക്കൽ ജെട്ടി), എറണാകുളം (മുനമ്പം – മറുവക്കാട്), തൃശൂർ (ആറ്റുപുറം – കൊടുങ്ങല്ലൂർ) എന്നീ ജില്ലകളിലെ തീരങ്ങളിൽ നാളെ പുലർച്ചെ വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിച്ചു വീശാൻ സാധ്യതയുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ ഇടയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങൾ മാറിത്താമസിക്കാനും നിർദ്ദേശമുണ്ട്. തിരമാലകൾ ശക്തമാകുന്ന ഘട്ടത്തിൽ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമായതിനാൽ ഒഴിവാക്കണം. കൂടാതെ, സാഹചര്യം മെച്ചപ്പെടുന്നത് വരെ ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.









