LPG റീഫിൽ ബുക്കിങ് ഇടവേള 25 ദിവസം; നഗര-ഗ്രാമ വ്യത്യാസം ഒഴിവാക്കി


LPG റീഫിൽ ബുക്കിങ് ഇടവേള 25 ദിവസം; നഗര-ഗ്രാമ വ്യത്യാസം ഒഴിവാക്കി

ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള നഗര-ഗ്രാമ മേഖലകളിൽ ഒരുപോലെ 25 ദിവസമാക്കി. മാറ്റം അടിയന്തരമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ എണ്ണ വിപണന കമ്പനികൾക്ക് (OMCs) നിർദേശം നൽകി.
എൽപിജി വിതരണ സാഹചര്യം മെച്ചപ്പെട്ടതും റീഫിൽ ബുക്കിങ്ങിലെ കാത്തിരിപ്പ് ഗണ്യമായി കുറഞ്ഞതും കണക്കിലെടുത്താണ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
ഇതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം. മാറ്റം ഉടൻ പ്രാബല്യത്തിൽ വരുത്താൻ പെട്രോളിയം മന്ത്രാലയം OMCകൾക്ക് കത്തയച്ചതായും മന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
മധ്യപൂർവദേശത്തെ സംഘർഷത്തെ തുടർന്നുണ്ടായ എൽപിജി വിതരണ സമ്മർദത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്കിങ് ഇടവേള.








