മലപ്പുറം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി സിപിഎം നേതാവ് എം സ്വരാജ്. തനിക്കുള്ളത് തെരെഞ്ഞടുപ്പ് ചുമതലയെന്ന് എം സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഒരാൾ വിശ്വാസ വഞ്ചന കാണിച്ചെന്ന് കരുതി സ്വതന്ത്ര സ്ഥാനാർത്ഥി ഇനി വേണ്ടെന്ന നിലപാടില്ലെ. നിലമ്പൂരിൽ എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥി വരുമെന്ന് പറഞ്ഞ അദ്ദേഹം ഇടതു മുന്നണിക്ക് നിലമ്പൂരിൽ ഏറ്റവും അനുകൂല സാഹചര്യമാണെന്നും പറഞ്ഞു. സർക്കാരിൻറെ ഭരണ നേട്ടങ്ങളും വികസനങ്ങളും അനുകൂലഫലമുണ്ടാക്കും. പി വി അൻവർ നിലമ്പൂരിൽ അപ്രസക്തനായി. രാഷ്ട്രീയമായി ഒറ്റപ്പെട്ടു, ആരും അദ്ദേഹത്തെ വില കൽപ്പിക്കുന്നില്ല. എതിരാളികൾക്കുപോലും ഇതുപോലൊരു ദുരവസ്ഥ ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയായ സ്വരാജ് പറഞ്ഞു.









