മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം എം സ്വരാജ് നിലമ്പൂരിലെത്തി. ട്രെയിനിൽ നിലമ്പൂരിലിറങ്ങിയ സ്വരാജിനെ സ്വീകരിക്കാൻ നിരവധി പ്രവർത്തകരാണ് കാത്തുനിന്നത്. തുടർന്ന് ആവേശോജ്ജ്വല സ്വീകരണം നൽകി.
ഉച്ചയ്ക്ക് ശേഷം മണ്ഡലത്തിൽ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ എല്ലാഭാഗത്തും എത്തുന്ന നിലയിൽ രാത്രി വരെയുള്ള റോഡ് ഷോയാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെത്തുന്നതോടെ വലിയ ആവേശത്തിലാണ് പ്രവർത്തകർ. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ജന്മനാടായതിൻറെ ആവേശം നിലമ്പൂരിൽ മത്സരത്തിനെത്തുമ്പോൾ ഉണ്ടെന്നും എം സ്വരാജ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നിലമ്പൂരിൽ നിന്ന് ചന്തക്കുന്ന് വരെ റോഡ് ഷോ നടത്തിയാണ് നിലമ്പൂർ നിയോജക മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂർ തഹസിൽദാർ എം പി സിന്ധുവിനാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. രാവിലെ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് വിജയപ്രതീക്ഷയും പങ്കുവെച്ചു.






