ദില്ലി: മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടി നേതാവിന്റെ മകൾ ആയതു കൊണ്ട് ഉണ്ടായ കേസാണ്. അതിനാലാണ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് പറഞ്ഞതെന്നും എംഎ ബേബി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറിയായതിന് ശേഷം ആദ്യമായാണ് വീണ വിജയന്റെ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്.
വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാടാണെന്നും ബേബി പറഞ്ഞു. കേരളത്തിലെ സർക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് ശക്തമായ നീക്കം നടത്തുകയാണ്. പല സമരങ്ങളും ഇത്തരം സ്വഭാവമുള്ളതാണ്. മുനമ്പത്തെ സമരവും ക്രൈസ്തവ സഭകളുടെ നീക്കവും ഈ പശ്ചാത്തലത്തിലാണ്. ആശമാരുടെ സമരവും സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ളതാണ്. സംസ്ഥാന സർക്കാരിനെതിരെ സമരം തിരിച്ചു വിട്ടത് ദു:ഖകരമാണ്. ബിഷപ്പുമാർ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കണം.
പൃഥിരാജിനും മോഹൻലാലിനും ഗോകുലം ഗോപാലനും എതിരെ ഇഡി നീങ്ങുന്നത് ഭയപ്പെടുത്താൻ വേണ്ടിയാണ്. എകെജിക്കും ഇഎംഎസിനും ശേഷം സംഘടനയിലെ ഏറ്റവും കരുത്തനായ നേതാവാണ് പിണറായി. ഇത്രയും ജനപ്രീതിയുള്ള നേതാവ് ഇന്ന് കേരളത്തിലില്ല. അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി തന്നെയാണ് എൽഡിഎഫിനെ നയിക്കേണ്ടത്. വേറൊരു നേതാവിനെ ഇപ്പോൾ കാണിക്കാനുണ്ടോ. പിബിയിൽ ഭിന്നതയില്ല, അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമെന്നും ബേബി പറഞ്ഞു.
നിലവിൽ പാർട്ടിയിലെ മുതിർന്ന നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമാണ് പിണറായി വിജയൻ. സ്വഭാവികമായും അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനാകാര്യത്തിലുമെല്ലാം നയിക്കും. ഒരു തുടർഭരണം വീണ്ടും കിട്ടിയാൽ അന്ന് ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോൾ ചർച്ചചെയ്യേണ്ട കാര്യമില്ല. സമയമാകുമ്പോൾ പാർട്ടി കൃത്യമായ തീരുമാനമെടുക്കുമെന്നും പുതിയ ജനറൽ സെക്രട്ടറി വ്യക്തമാക്കി. നിലവിലെ മുഖ്യമന്ത്രി അടുത്ത തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കുകയെന്നത് സ്വാഭാവിക കാര്യമല്ലേയെന്നും അതിലെന്ത് സംശയമാണുള്ളതെന്നും ബേബി ചോദിച്ചു. തുടർഭരണം കിട്ടാനുള്ള പ്രവർത്തനങ്ങളുണ്ടാകണമെന്നാണ് പാർട്ടി കോൺഗ്രസ് തീരൂമാനിച്ചിട്ടുള്ളതെന്നും ജനറൽ സെക്രട്ടറി വിവരിച്ചു.
കോൺഗ്രസിനോട് നിലവിൽ തുടരുന്ന സമീപനം സി പി എം തുടരുമെന്നാണ് ജനറൽ സെക്രട്ടറി പ്രതികരിച്ചത്. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണെന്നും സംസ്ഥാനങ്ങൾക്കനുസൃതമായ സഹകരണമാകും തുടരുകയെന്നും അദ്ദേഹം വിവരിച്ചു. ഇന്ത്യ സഖ്യത്തിൻറെ ഭാഗമായിരിക്കുമ്പോളും ദില്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസും എ എ പിയും തമ്മിൽ മത്സരിച്ചതടക്കം ബേബി ചൂണ്ടികാട്ടി. കേരളത്തിൽ എതിരിടുമ്പോഴും ദേശീയ സാഹചര്യത്തിൽ സഹകരണമെന്ന സുർജിത്തിൻറെയും യെച്ചൂരിയുടെയും സമീപനമാകും താനും തുടരുകയെന്നാണ് ബേബി വിവരിച്ചത്.









