സിപിഐഎം പാർട്ടി കോൺഗ്രസിന് നാളെ പതാക ഉയരും. രക്‌സാക്ഷി മണ്ഡപങ്ങളിൽ നിന്നുള്ള ദീപശിഖകൾ ഇന്ന് സമ്മേളന നഗരിയിൽ സംഗമിക്കും. വെണ്മണി രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പതാക ജാഥ നാളെ രാവിലേയോടെ സമ്മേളന നാഗരിയിൽ എത്തിച്ചേരും.
ഇന്ത്യയിലാദ്യമായി മെയ്ദിനാചരണത്തിന് നേതൃത്വം നൽകിയ ശിങ്കാരവേലുവിന്റെ നോർത്ത് ചെന്നൈയിലെ സ്മൃതികുടീരത്തിൽ നിന്നാണ് ആദ്യ ദീപശിഖാ യാത്ര തുടങ്ങിയത്. സേലം ജയിൽ രക്തസാക്ഷികൾ, കോവൈ ചിന്നയ്യംപാളയം രക്തസാക്ഷികൾ, ജാതിവെറിക്കെതിരെ പോരാടിയതിന് 1981 മാർച്ച് 31ന് ജീവൻ സമർപ്പിക്കേണ്ടിവന്ന മധുര ത്യാഗരാജർ എൻജിനിയറിങ് കോളേജിലെ എസ്എഫ്‌ഐ വിദ്യാർഥികളായ സോമസുന്ദരം, സെംബുലിംഗം എന്നിവരുടെ സ്മാരകത്തിൽനിന്ന് നാലാമത്തെയും മധുരയിലെ രക്തസാക്ഷികളുടെ കുടീരത്തിൽനിന്ന് അഞ്ചാമത്തെയും ദീപശിഖയെത്തും.
വെൺമണി രക്തസാക്ഷികളുടെ സ്മാരകകുടീരത്തിൽനിന്ന് പാർടി കേന്ദ്രകമ്മിറ്റിയംഗം യു വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക രണ്ടിന് രാവിലെ കൺട്രോൾ കമീഷൻ ചെയർമാൻ എ കെ പത്മനാഭൻ ഏറ്റുവാങ്ങും. രാവിലെ എട്ടിന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.
10.30ന് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിൽ പൊളിറ്റ്ബ്യൂറോ കോ-ഓഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക് സർക്കാർ അധ്യക്ഷനാകും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അടക്കമുള്ളവർ പങ്കെടുക്കും. ആറിന് നടക്കുന്ന പൊതുടമ്മേളനത്തോടെ പാർട്ടി കോൺഗ്രസിന് സമാപനമാകും. വാചാതി ജീവിക്കുന്ന രക്തസാക്ഷികളാണ് പൊതുസമ്മേളനത്തിന് മുന്നോടിയയുള്ള റാലി ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്.









