രാജ്യത്തെ ഏറ്റവും പ്രമുഖ വാഹന നിർമാണ കമ്പനികളിൽ ഒന്നാണ് മഹീന്ദ്ര. ഓരോ ഇടവേളയ്ക്ക് ശേഷവും ഒരു പുത്തൻ മോഡലുമായി വന്ന് ഉപഭോക്താക്കളെ ഞെട്ടിക്കുന്ന കമ്പനി ഇപ്പോഴിതാ തങ്ങളുടെ വരാനിരിക്കുന്ന ഫേസ്‌ലിഫ്റ്റുകളിൽ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന മോഡലായ എക്സ്‍യുവി 3എക്‌സ്ഒ ഏറ്റവും പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഈ വാഹനം ഇന്ത്യൻ വിപണിയിൽ ഏപ്രിൽ 29ന് അവതരിപ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നേരത്തെ വാഹനത്തിന്റെ ബാഹ്യ രൂപകൽപനയെ കാണിക്കുന്ന ഒരു ടീസർ കമ്പനി പുറത്തിറക്കിയിരുന്നു.
ഇപ്പോഴിതാ വാഹനത്തിന്റെ ഇന്റീരിയർ വിവരങ്ങളുടെ ടീസറാണ് കമ്പനി പുറത്തുവിട്ടത്. 2018ൽ ഈ വാഹനം ലോഞ്ച് ചെയ്‌തതിന് ശേഷം ഈ മോഡലിൽ ഫേസ്‌ലിഫ്റ്റ് അവതരിപ്പിക്കുക എന്നത് ദീർഘനാളായി ഉയരുന്ന ആവശ്യങ്ങളിൽ ഒന്നാണ്. കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ ബ്രാൻഡുകളുമായി പിടിച്ചു നിൽക്കാൻ കമ്പനിയെ സഹായിക്കുക പുതിയ മാറ്റങ്ങളായിരിക്കും.
ഈ വർഷം ജനുവരിയിൽ നിരത്തിലിറങ്ങിയ എക്സ്‍യുവി400 പ്രോ ഇവിയുടെ ഇന്റീരിയർ രൂപഘടന തന്നെയാവും ഈ വാഹനത്തിന് ഉണ്ടാവുകയെന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്ററിനൊപ്പം വലിയ ഫ്രീസ്‌റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റവും അവതരിപ്പിക്കും. ഡിസ്‌പ്ലേ സൈസിൽ ഉൾപ്പെടെ മാറ്റം വരില്ലെന്നാണ് കരുതപ്പെടുന്നത്.
പുത്തൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ, പുതുക്കിയ ഫ്രണ്ട് ബമ്പർ തുടങ്ങിയവ പുതിയ മാറ്റങ്ങളിൽ ഉൾപ്പടുന്നു. വാഹനത്തിന്റെ ടെയിൽ സെക്ഷന് കണക്റ്റഡ് ടെയിൽ-ലൈറ്റ് സജ്ജീകരണം ലഭിക്കുമെന്നാണ് പഴയ ടീസറിൽ നിന്ന് വ്യക്തമായിരുന്നു. അന്ന് കൂടുതലും വാഹനത്തിന്റെ പുറംഭാഗത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഉണ്ടായിരുന്നത്.
പവർട്രെയിനിന്റെ കാര്യത്തിൽ 108 ബിഎച്ച്പിയും 200 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2-ലിറ്റർ ടർബോ-പെട്രോൾ മോട്ടോറും 128 ബിഎച്ച്പിയും 230 ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ മോട്ടോറും ഉൾപ്പെടുന്ന എഞ്ചിനുകൾ നിലനിർത്തുമെന്നാണ് സൂചന. ഇതിനൊരു ഡീസൽ വേർഷനും ഉണ്ടാവും. ട്രാൻസ്‌മിഷൻ ഓപ്‌ഷനുകളിൽ 6-സ്‌പീഡ് മാനുവലും 6-സ്‌പീഡ് എഎംടിയും ഉൾപ്പെടുന്നു.