Advertisement
Advertisement
Monday, November 16, 2026
Kannur

മലയാളം സ്നേഹത്തിന്റെ ഭാഷ; ഭരണഭാഷാവാരാചരണത്തിന് ജില്ലയില്‍ തുടക്കം

Advertisement
Advertisement

മലയാളം സ്നേഹത്തിന്റെ ഭാഷ; ഭരണഭാഷാവാരാചരണത്തിന് ജില്ലയില്‍ തുടക്കം*

Advertisement

എഴുപതിറ്റാണ്ട് തികയുന്ന കേരളത്തിൻ്റെ മുന്നേറ്റങ്ങളെയും വഴികളെയും അടയാളപ്പെടുത്തി ജില്ലയില്‍ ഭരണഭാഷാവാരാചരണത്തിന് തുടക്കം. ജില്ലാ ഭരണകൂടം, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ തല ഭരണഭാഷാവാരാചരണം അഡ്വ. ടി ഒ മോഹനന്‍ എം എല്‍ എ ഉൽഘാടനം ചെയ്തു. ഭാഷാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെട്ടപ്പോഴും നാനാത്വങ്ങളെ കോര്‍ത്തിണക്കി ഇന്ത്യയെന്ന രാജ്യം ശക്തമായി വളരുകയായിരുന്നു. അഭിമാനമായി കൈരളിയുടെ മലയാളവും ഉയരങ്ങള്‍ താണ്ടി. ആഗോളതലത്തില്‍ മലയാളി അടയാളപ്പെടുത്തുന്നത് ഉന്നതമായ ഈ നാടിന്റെ നന്മകള്‍ കൂടിയാണെന്നും ടി.ഒ.മോഹനന്‍ എം എല്‍ എ പറഞ്ഞു. 

ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. ഒരു ജനതയുടെ വികാരവായ്പുകളെയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ആ നാടിന്റെ ഭാഷയും സംസ്‌കാരവുമെന്ന് അദ്ദേഹം പറഞ്ഞു. മലയാള സാഹിത്യ സംസ്‌കൃതിയുടെ ഈ നാട് വളര്‍ന്നത് എഴുപതാണ്ടിന്റെ സാഹിത്യ സാമൂഹിക സമൃദ്ധിയിലേക്കാണ്. മലയാളികള്‍ അവരുടെ വളര്‍ച്ചയില്‍ മാതൃഭാഷയായ മലയാളത്തെയും ചേര്‍ത്തുപിടിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു. സിനിമ സീരിയല്‍ താരം ഉണ്ണിരാജ മുഖ്യാതിഥിയായിരുന്നു.

 

(പടം )

 

*എന്നെ ഞാനാക്കിയത് സ്വന്തം നാട്ടുഭാഷ*

 

ഒരു കലാകാരനെന്ന നിലയില്‍ തനിക്ക് നേട്ടങ്ങള്‍ സമ്മാനിച്ചത് സ്വന്തം നാട്ടുഭാഷ മലയാളമാണെന്ന് ഉണ്ണിരാജ പറഞ്ഞു. സ്നേഹത്തിന്റെ ഭാഷയാണിത്. സാധാരണക്കാരന്റെ ഭാഷയുടെ കോണുകളിലൂടെയാണ് കലാരംഗത്തും വളര്‍ന്നത്. ജീവിതത്തിന്റെ എല്ലാ വൈവിധ്യങ്ങളിലും ചേര്‍ത്തുപിടിക്കുന്നവരാണ് മലയാളികള്‍. ജാതിമത ഭേദങ്ങള്‍ ഏതുമില്ലാതെയും ഏവരെയും ചേര്‍ത്തുപിടിക്കാന്‍ ഈ നാടിന് കഴിയുന്നു. എവിടെ ചെന്നാലും മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നിയിട്ടുണ്ട്. പുറത്തായിരിക്കുമ്പോഴും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനുള്ള മലയാളികളുടെ താല്‍പര്യം നാടിനോടും സംസ്‌കൃതിയോടുമുള്ള മമതയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിന്റെ വൈവിധങ്ങളിലും നാടിന്റെ താളമുണ്ട്. ഇതൊരു ജീവതാളം കൂടിയാണ്. കലര്‍പ്പില്ലാത്ത ഈ തനിമകളില്‍ നിന്നുമാണ് സ്വന്തം വിലാസം രൂപപ്പെട്ട് വരുന്നതെന്നും മറിമായം ഫെയിം ഉണ്ണിരാജ പറഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച നടന്ന വിവിധ മത്സര വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലക്ട്രേറ്റ് സ്റ്റാഫ് കൗണ്‍സില്‍ പുതിയതായി രൂപീകരിച്ച വോയിസ് ഓഫ് കോര്‍ ഓര്‍ക്കസ്ട്രയുടെ ലോഞ്ചിങ്ങും നടന്നു. എ.ഡി.എം കെ. ബാലഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി.അബ്ദുള്‍ കരീം, കലക്ട്രേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ കെ.കെ.രാജേഷ് ഖന്ന എന്നിവര്‍ സംസാരിച്ചു.

 

(പടം )

 

*മലയാളത്തിന് കാവ്യാഞ്ജലി*

 

മലയാളികള്‍ കേട്ടുപതിഞ്ഞ ഗാനങ്ങളോടെ മലയാളഭാഷയ്ക്ക് കളക്ട്രേറ്റ് സ്്റ്റാഫ് കൗണ്‍സിലിന്റെ കാവ്യാഞ്ജലി. കളക്ട്രേറ്റില്‍ പുതിയതായി രൂപീകരിച്ച കോര്‍ ഓര്‍ക്കസ്ട്രയാണ് കൈരളിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ ഗാനാര്‍ച്ചന നടത്തിയത്. മലയാളതീരത്തോട് ഒരിക്കലും മടുക്കാത്ത വിധം അടുത്ത നിന്ന പാട്ടുകളും വരികളും ചേര്‍ന്നതോടെ മലയാളഭാഷാദിനം സംഗീത സാന്ദ്രമായി. പാട്ടുകേരളത്തിന്റെ നാള്‍വഴികളിലൂടെയുള്ള സഞ്ചാരം കൂടിയായി ഈ ഗാനാര്‍ച്ചന. ജില്ലാ കളക്ടര്‍ പി.വിഷ്ണുരാജ് വോയിസ് ഓഫ് കോര്‍ ഓര്‍ക്കസ്ട്ര ട്രൂപ്പ് ഉദ്ഘാടനം ചെയ്തു.

 

(പടം)

 

 

*എന്റെ മലയാളത്തിന് കത്തെഴുതാം*

 

എന്റെ മലയാളത്തിന് സ്‌നേഹപൂര്‍വ്വം.. മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് നടത്തുന്ന കത്തെഴുത്ത് മത്സരത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാർക്ക് പങ്കെടുക്കാം. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്നാണ് മാതൃഭാഷ മലയാളത്തിന്റെ പ്രോത്സാഹനത്തിനായി ഭാഷാവാരത്തില്‍ വേറിട്ട മത്സരങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി പ്രശ്‌നോത്തരി മത്സരവും

നടക്കും. മലയാള ഭാഷ, കേരളം എന്നിവ വിഷയമാക്കി നവംബര്‍ ഏഴിന് രാവിലെ 10.30ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് പ്രശ്നോത്തരി നടക്കുക. ജില്ലയിലെ ഒരോ സര്‍ക്കാര്‍ ഓഫീസിലെയും രണ്ട് പേരടങ്ങുന്ന ടീമുകള്‍ക്ക് പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ https://forms.gle/st4ZakyRoSESXjzy6 എന്ന ലിങ്ക് വഴി നവംബര്‍ 5ന് വൈകിട്ട് 5 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. കത്തെഴുത്ത് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മലയാളത്തിലെഴുതിയ 150 വാക്കുകളില്‍ കവിയാത്ത കത്തുകള്‍ prdkannur@gmail.com എന്ന ഇമെയിലിലേക്ക് നവംബര്‍ അഞ്ചിന് വൈകിട്ട് 5 ന് മുമ്പായി അയക്കണം.

 

 

*പുതിയ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ക്യാമ്പസ് ടു ബൂത്ത് ഡ്രൈവിന് തുടക്കം*

 

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹരായ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ജില്ലയില്‍ സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് ടു ബൂത്ത്’ ഡ്രൈവിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളേജില്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് നിര്‍വഹിച്ചു.

 

രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ നിര്‍ണായകമായ ചുവടുവെപ്പാണ് ക്യാമ്പയിനിലൂടെ നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന , rഅവകാശവും ഉത്തരവാദിത്തവും വിനിയോഗിക്കാന്‍ ക്യാമ്പസുകളിലെ യുവതലമുറയെ പ്രാപ്തരാക്കാന്‍ ക്യാമ്പയിന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2027ന്റെ ഭാഗമായി യുവജനങ്ങളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കോളേജ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലങ്ങളില്‍ നടക്കുന്ന പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് ഒരാഴ്ച്ച നീണ്ടുനില്‍ക്കും.

 

നിലവില്‍ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 2027 ഒക്ടോബര്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഫോം 6 വഴി അപേക്ഷിക്കാം. അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

 

ഡെപ്യൂട്ടി കളക്ടര്‍ പി എന്‍ പുരുഷോത്തമന്‍, കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളേജ് പ്രിന്‍സിപ്പല്‍ സി പി സന്തോഷ്, ഇ എല്‍ സി കോര്‍ഡിനേറ്റര്‍ വി പി ശ്രീകല, തഹസില്‍ദാര്‍ കെ നിസാര്‍ എന്നിവര്‍ പങ്കെടുത്തു.

 

ജില്ലയിലെ വിവിധ കോളേജുകളിലും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ക്യാമ്പസ് ടു ബൂത്ത് ഡ്രൈവ് സംഘടിപ്പിച്ചു. ക്യാംപയിന്‍ നവംബര്‍ ഏഴ് വരെ തുടരും.

 

(പടം)

 

 

*കരാട്ടെ പരിശീലനം ഉദ്ഘാടനം ചെയ്തു*

 

ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ 2026 -27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന കുട്ടികൾക്കുള്ള കരാട്ടെ പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ആലുംമൂട്ടിൽ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എൻ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ നാല് സ്കൂളിലെ യുപി വിഭാഗത്തിലെ 200 കുട്ടികൾക്കാണ് 30 ദിവസത്തെ കരാട്ടെ പരിശീലനം നൽകുന്നത്.

സ്ഥിരം സമിതി അധ്യക്ഷൻമാരായ സരിത ജോസ്,സിന്ധു തോമസ്, ഷീൻ തെക്കേൽ, മെമ്പർമാരായ ജോയി പള്ളിപ്പറമ്പിൽ, ജെയ്സി ജോസ്, പഞ്ചായത്ത് സെക്രട്ടറി ബിനു ജോഷി, ഹെഡ് മാസ്റ്റർ സി കെ ഷൈലജ,കരാട്ടെ പരിശീലകൻ ബിജു സ്ക്കറിയ, പ്രകാശ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

 

*തോട്ടുമ്മലിൽ ബാറ്ററി വാട്ടർ യൂണിറ്റ് പ്രവർത്തന സജ്ജമായി*

 

പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തോട്ടുമ്മലിൽ ആരംഭിച്ച കൈരളി ഡിഎം അക്വാലാബ് വാട്ടർ ബാറ്ററി നിർമാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പ്രസീത ഉൽഘാടനം ചെയ്തു.

 

2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി സ്വയംതൊഴിൽ ഗ്രൂപ്പ് സംരംഭമായാണ് യൂണിറ്റ് ആരംഭിച്ചത്. ജനറൽ വിഭാഗത്തിലുള്ള ഗ്രൂപ്പ് സംരംഭങ്ങൾക്ക് പദ്ധതി ചെലവിന്റെ 50 ശതമാനം സബ്സിഡി ലഭ്യമാക്കുന്ന പദ്ധതിയിലൂടെ നാല് പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 

പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

 

 

*കാൻസർ നിയന്ത്രണത്തിന് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ‘കാൻ കെയർ’*

 

 

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര കാൻസർ നിയന്ത്രണ പദ്ധതിക്ക് ‘കാൻ കെയർ’ എന്ന് പേരിട്ടു. പദ്ധതിയുടെ ഔദ്യോഗിക പേരും ലോഗോയും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നഗരസഭാ ചെയർപേഴ്സൺ വി ഷിജിത്ത് പ്രകാശനം ചെയ്തു

 

മട്ടന്നൂർ സ്വദേശി അക്ഷര ഷാജിയാണ് ലോഗോ രൂപകൽപ്പന ചെയ്തത്. കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സിറാജ് വെള്ളമുണ്ട പദ്ധതിയുടെ പേര് നിർദേശിച്ചു.

പദ്ധതിയുടെ ഔദ്യോഗിക ഉൽഘാടനം നവംബർ 11ന് കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ പി കെ പ്രവീൺ എം എൽ എ നിർവഹിക്കും.

 

 

*കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി സ്കോളർഷിപ്പ്*

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളുടെ വിദ്യാർത്ഥികളായ മക്കളിൽ നിന്നും സ്കോളർഷിപ്പ്, ലാപ്ടോപ്പ് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയ്യതി നവംബർ 16 വരെ നീട്ടി. അപേക്ഷകൾ മതിയായ രേഖകൾ സഹിതം ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2705182.

 

 

*പത്താമുദയം പഠിതാക്കളുടെ സംഗമവും പരീക്ഷ പരിശീലനവും ഏഴിന്*

 

കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പിലാക്കുന്ന പത്താമുദയം സമ്പൂർണ്ണ പത്താംതരം തുല്യത പദ്ധതിയിലെ പഠിതാക്കളുടെ സംഗമവും പരീക്ഷ പരിശീലവും നവംബർ ഏഴ് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യൻ ഉൽഘാടനം ചെയ്യും. കണ്ണൂർ ഡയറ്റ് സീനിയർ ലക്ചറർ ഡോ പ്രമോദ് കെ നാറാത്ത് പരിശീലനത്തിന് നേതൃത്വം നൽകും. പത്താംതരം തുല്യതാ കോഴ്സിൽ പഠിക്കുന്ന എല്ലാ പഠിതാക്കളും പരിശീലനത്തിന് എത്തണമെന്ന് ജില്ലാ കോഡിനേറ്റർ ഷാജു ജോൺ അറിയിച്ചു.

 

 

*പോത്തുകുട്ടി പരിപാലനം പരിശീലന ക്ലാസ്സ്*

 

ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ ഒമ്പത് രാവിലെ 10.15 മുതല്‍ വൈകീട്ട് അഞ്ച് വരെ പോത്തുകുട്ടി പരിപാലനം വിഷയത്തില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബർ ഏഴ് വൈകീട്ട് നാല് മണിക്ക് മുമ്പായി പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമാണ് ക്ലാസ്സില്‍ പ്രവേശനം. ഫോണ്‍: 0497 2763473.

 

*ജില്ലാതല കുടിശ്ശിക അദാലത്ത്”

 

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലാതല കുടിശ്ശിക അദാലത്ത് ആരംഭിച്ചു. ഒക്ടോബർ 26 ന് തുടങ്ങി ആറുമാസം നീണ്ടു നിൽക്കുന്ന അദാലത്തിൽ പത്തുവർഷം വരെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പിഴയില്ലാതെ അംശദായ കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാം. ഒരു വർഷത്തിൽ കൂടുതൽ കുടിശ്ശികയുള്ളവർക്ക് തുക മൂന്ന് തവണകളായി അടക്കാം. ഫോൺ :0497 2970272.

Advertisement
Advertisement
Advertisement