കോമൺവെൽത്ത് മെഡൽ ജേതാക്കളായ മലയാളി താരങ്ങൾക്ക് അവഗണന; കൈനിറയെ ഉപഹാരങ്ങളുമായി അയൽസംസ്ഥാനങ്ങൾ

തിരുവനന്തപുരം: ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ മലയാളി കായികതാരങ്ങൾക്ക് വീണ്ടും സംസ്ഥാന സർക്കാരിന്റെ കടുത്ത അവഗണന. ഗെയിംസിൽ മെഡൽ നേടി തിരിച്ചെത്തിയ അത്‌ലറ്റുകൾക്ക് കേന്ദ്ര സർക്കാരും മറ്റു സംസ്ഥാനങ്ങളും വൻ തുക സമ്മാനമായി നൽകിയപ്പോൾ കേരളം ഇതുവരെ ഒരു സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടില്ല. ലോംഗ് ജംപിൽ വെള്ളി മെഡൽ നേടിയ എം. ശ്രീശങ്കറിനും പാരാ അത്‌ലറ്റിക്സിൽ വെള്ളി നേടിയ മുഹമ്മദ് ബാസിലിനുമാണ് ഈ ദുരനുഭവം.

മെഡൽ ജേതാക്കളെ സ്വന്തം മണ്ണിൽ വൻ പ്രൗഢിയോടെയാണ് അയൽസംസ്ഥാനങ്ങൾ വരവേറ്റത്. തമിഴ്‌നാട്ടിൽ നിന്നുള്ള വെള്ളി മെഡൽ വിജയികളായ പ്രവീൺ ചിത്രവേലിനും രാജാമുത്തു പാണ്ഡ്യനും 30 ലക്ഷം രൂപ വീതവും വെങ്കല മെഡൽ നേടിയ സെൽവ പ്രഭുവിന് 20 ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നേരിട്ടെത്തി കൈമാറി. ഹരിയാന സർക്കാരാകട്ടെ സ്വർണത്തിന് 1.5 കോടി, വെള്ളിക്ക് 75 ലക്ഷം, വെങ്കലത്തിന് 50 ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചത്. ഇതിനുപുറമേ കേന്ദ്ര സർക്കാരും വിജയികൾക്ക് വൻ തുകകൾ സമ്മാനമായി നൽകി.

എന്നാൽ, അന്താരാഷ്ട്ര തലത്തിൽ തിളങ്ങിയ സ്വന്തം താരങ്ങളെ ആദരിക്കാൻ കേരള സർക്കാർ തയാറാകാത്തത് കായികപ്രേമികൾക്കിടയിൽ വലിയ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. മുൻപ് പാരിസ് ഒളിംപിക്‌സിൽ മെഡൽ നേടിയ ഹോക്കി താരം പി.ആർ. ശ്രീജേഷിനോടും ഭരണകൂടം സമാനമായ വീഴ്ച വരുത്തിയത് വിവാദമായിരുന്നു. അന്ന് കായികതാരങ്ങളോടുള്ള ഈ മനോഭാവത്തിനെതിരെ സംസാരിച്ചവർ ഭരണത്തിലെത്തിയിട്ടും സ്ഥിതിക്ക് യാതൊരു മാറ്റവുമില്ലെന്നാണ് കായികരംഗത്തുള്ളവരുടെ വിമർശനം.

Top News from last week.