കണ്ണൂർ:ശമ്പള വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടുമാസമായി തുടരുന്ന നഴ്സുമാരുടെ സമരം ഒത്തുതീർന്നു. മാനേജ്മെന്റ് ഒടുവിൽ കരാറിൽ ഒപ്പിട്ടതോടെയാണ് സമരം വിജയം കാണുകയും അവസാനിപ്പിക്കുകയും ചെയ്തത്. ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടന്നുവന്നത്. സമരരംഗത്തുണ്ടായിരുന്ന മറ്റ് അഞ്ച് ആശുപത്രികൾ കഴിഞ്ഞദിവസം തന്നെ കരാറിൽ ഒപ്പിട്ടിരുന്നു.
കരാറിൽ ഒപ്പിടാൻ മാനേജ്മെന്റ് വിസമ്മതിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം കൊയിലി ആശുപത്രിയിലെ നഴ്സുമാർ മാനേജ്മെന്റിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇത് വലിയ സംഘർഷത്തിലാണ് കലാശിച്ചത്. പ്രതിഷേധത്തിനിടെ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഗംഗാധരനെ നഴ്സുമാർ തടഞ്ഞു വെച്ചിരുന്നു. ഈ സംഘർഷത്തിനിടയിൽ തങ്ങളെ ഡോക്ടർ ആക്രമിച്ചതായി നഴ്സുമാരും, തനിക്കെതിരെ നഴ്സുമാരാണ് അക്രമം അഴിച്ചുവിട്ടതെന്ന് ഡോക്ടറും പരസ്പരം ആരോപണം ഉന്നയിച്ചു.പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഒടുവിൽ മാനേജ്മെന്റ് കരാറിൽ ഒപ്പിടാൻ തയ്യാറായതും രണ്ട് മാസമായി നീണ്ടുനിന്ന സമരം വിജയകരമായി അവസാനിച്ചതും.









