കുട്ടികളെ അമ്മയെപ്പോലെ സ്നേഹിച്ച അങ്കണവാടി ടീച്ചറുടെ യാത്രയയപ്പ് ഒരു നാടിൻറെ തന്നെ ആഘോഷമായി.
കുന്നുമ്പ്രം അങ്കണവാടിയിൽ നിന്ന് 46 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച ഇ. കെ സാവിത്രി ടീച്ചർക്കാണ് ഔദ്യോഗിക യാത്രയയപ്പിന് പുറമേ നാട്ടുകാരും പൂർവ വിദ്യാർത്ഥികളും ചേർന്ന് വിപുലമായ ആലോഷപരിപാടികൾ സംഘടിപ്പിച്ച് വികാരഭരിതമായ യാത്രയപ്പ് നൽകിയത്.
കുന്നുമ്പ്രം വാരണക്കോട് സ്കൂൾ അങ്കണത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ചെറുതാഴം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. വി രവി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സനൂപ് മോഹൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി വി രാജേഷ് ഉദ്ഘാടനവും, ഇ കെ സാവിത്രി ടീച്ചർക്കും ഭാരതി മഹിളാസമാജത്തിന്റെയും കുന്നുമ്പ്രം അങ്കണവാടിയുടെയും പൂർവകാല പ്രവർത്തകർക്കുമുള്ള ഉപഹാരസമർപ്പണവും നിർവഹിച്ചു.
പഞ്ചായത്ത് മെമ്പർ എം ഗോവിന്ദൻ, ഡോ. ഇ. കെ ഗോവിന്ദവർമ്മ രാജ, വി. രമേശൻ, വി. വിഷ്ണു നമ്പൂതിരി എന്നിവർ സംസാരിച്ചു. സാവിത്രി ടീച്ചർ മറുപടി പ്രസംഗം നടത്തി. ജെ.ബി ജ്യോതി നന്ദി പറഞ്ഞു.
ഭാരതി മഹിളാ സമാജത്തിന്റെയും അങ്കണവാടിയുടെയും പൂർവ്വകാല പ്രവർത്തകരുടെ സംഗമത്തിൽ എം. വിജിൻ എം.എൽ. എ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സുൽഫത്ത് ടീച്ചർ മോഡറേറ്ററായി.
അംഗൻവാടി വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും അവതരിപ്പിച്ച കലാപരിപാടികൾ, സാവിത്രി ടീച്ചറുടെ പേരക്കുട്ടി സംവേദ ചാലക്കുടിയും സംഘവും അവതരിപ്പിച്ച തായമ്പക, സുഭാഷ് അറുകരയും സംഘവും അവതരിപ്പിച്ച പാട്ടരങ്ങ് എന്നിവ ആഘോഷത്തിന് കൊഴുപ്പേകി. പരിപാടിയിൽ പങ്കെടുത്തവർക്ക് രാത്രിഭക്ഷണവും ഒരുക്കിയിരുന്നു.
ബാലവാടികളുടെ തുടക്കത്തിൽ കൃത്യമായ സേവന വേതന വ്യവസ്ഥകൾ നിലവിൽ വന്നിട്ടില്ലാതിരുന്ന കാലത്ത് കാര്യമായ വേതനം ഇല്ലാതിരുന്നതു കൊണ്ടു തന്നെ അധ്യാപക ജോലി ഏറ്റെടുക്കാൻ ആരും മുന്നോട്ടു വരാതിരുന്ന സാഹചര്യത്തിൽ തൻ്റെ പതിനാറാം വയസ്സിലാണ് സാവിത്രി ടീച്ചർ സേവനത്തിൽ പ്രവേശിച്ചത്. ബാലവാടി രൂപീകരണത്തിന് പ്രേരക ശക്തിയായി പ്രവർത്തിച്ച ഭാരതി മഹിളാ സമാജത്തിന്റെ ഭാരവാഹിയായിരുന്ന അമ്മ
ഇ. കെ തങ്കമണി തമ്പുരാട്ടിയാണ് ആദ്യപ്രോത്സാഹനം നൽകിയത്.
ആദ്യ ബാച്ചുകളിൽ പെട്ട ചില ശിഷ്യരുടെ മക്കളെയും പേരക്കുട്ടികളെയും പഠിപ്പിക്കാനുള്ള അസുലഭ ഭാഗ്യം ടീച്ചർക്കുണ്ടായി. അങ്ങനെ, മൂന്ന് തലമുറയിലെ കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യപാഠം പകർന്നു നൽകിയ ശേഷമാണ്
അറുപത്തിരണ്ടാം വയസ്സിൽ സാവിത്രി ടീച്ചർ വിരമിക്കുന്നത്.









