മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുകയല്ല, നിയമത്തിന് മുന്നിലെത്തിക്കുകയാണ് വേണ്ടത്: രമേശ് ചെന്നിത്തല


മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുകയല്ല, നിയമത്തിന് മുന്നിലെത്തിക്കുകയാണ് വേണ്ടത്: രമേശ് ചെന്നിത്തല

കോഴിക്കോട് : മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തുകയല്ല, നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് നിയമനടപടികൾക്ക് വിധേയരാക്കുകയാണ് വേണ്ടതെന്ന് മുതിർന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സീനിയർ ജേണലിസ്റ്റ് ഫോറം ഏർപ്പെടുത്തിയ പി. മൂസ പുരസ്കാരം അന്വേഷി പ്രസിഡന്റ് കെ. അജിതയ്ക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ അഞ്ച് മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഇവരിൽ ചിലരുടെ മൃതദേഹങ്ങൾ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.«“പിറകിൽനിന്നാണ് വെടിയേറ്റത്. ഓടിപ്പോകുമ്പോൾ വെടിവെച്ചതാണെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്. ഇത് ഏറ്റുമുട്ടലിന്റെ ഭാഗമാണെന്ന് പറയാനാകില്ല. പിറകിൽനിന്ന് വെടിവെക്കുന്നത് ഒരിക്കലും ശരിയായ നടപടിയല്ല,” അദ്ദേഹം പറഞ്ഞു.»
സംസ്ഥാനത്ത് ഇപ്പോഴും മാവോയിസ്റ്റ് പ്രസ്ഥാനം പ്രവർത്തിക്കുന്നുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ നിലവിൽ അവരുടെ സ്വഭാവത്തിലും പ്രവർത്തനരീതിയിലും മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മൻചാണ്ടി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. അന്ന് കേരളത്തിലും രാജ്യത്തും മാവോയിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടുവരികയായിരുന്നു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ ഏകോപിപ്പിച്ചാണ് വിവിധ ഘട്ടങ്ങളിൽ ഓപ്പറേഷനുകൾ നടത്തിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.മാവോയിസ്റ്റുകളെ പിടികൂടുന്നതിനിടെ വെടിവെക്കേണ്ട സാഹചര്യമുണ്ടായാലും വെടിവെപ്പ് ഒഴിവാക്കി നിയമത്തിന് മുന്നിൽ എത്തിക്കണമെന്നായിരുന്നു തന്റെ നിർദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
രൂപേഷിനെയും ഷൈനിയെയും പിടികൂടിയ സംഭവവും ചെന്നിത്തല വിശദീകരിച്ചു. ഇവർ കോയമ്പത്തൂരിന് സമീപമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കേരള, തമിഴ്നാട്, ആന്ധ്രാപ്രദേശ് പോലീസുകൾ സംയുക്തമായി ഓപ്പറേഷൻ നടത്തിയിരുന്നു. എന്നാൽ ഒരു കാരണവശാലും വെടിവെക്കരുതെന്നും രക്ഷപ്പെട്ടാലും വെടിയുതിർക്കരുതെന്നും ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായി ചെന്നിത്തല പറഞ്ഞു.
“അവരെ പിടികൂടാൻ കഴിയില്ലെങ്കിൽ വീണ്ടും ശ്രമിക്കണം. വെടിവെക്കരുത് എന്ന പ്രത്യേക നിർദേശം നൽകിയിരുന്നു. ഒടുവിൽ അവരെ പിടികൂടി ജയിലിലടച്ചു,” അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് വിരുദ്ധ നടപടികളുടെ പേരിൽ നടക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ചും ചെന്നിത്തല വിമർശനം ഉന്നയിച്ചു. കഴിഞ്ഞ സർക്കാർ പത്ത് വർഷം അധികാരത്തിലിരുന്ന കാലത്ത് അഞ്ച് മാവോയിസ്റ്റുകൾ കേരളത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും രണ്ട് പേരുടെ മൃതദേഹങ്ങൾ കോഴിക്കോട് എത്തിയപ്പോൾ താൻ പ്രതിപക്ഷ നേതാവായിരിക്കെ നേരിട്ട് കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“അവരുടെ ശരീരത്തിൽ പിറകിൽനിന്നുള്ള വെടിയേറ്റ പാടുകളാണ് കണ്ടത്. അതിന്റെ അർത്ഥം അവർ ഓടിപ്പോകുമ്പോൾ വെടിവെച്ചുവെന്നാണ്. അത് ഏറ്റുമുട്ടലല്ല. പിറകിൽനിന്ന് വെടിവെക്കുന്നത് ഒരിക്കലും ശരിയായ നടപടിയല്ല,” ചെന്നിത്തല പറഞ്ഞു.
മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തുന്നതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ച് പേരെ കേരളത്തിന്റെ മണ്ണിൽ വെടിവെച്ച് കൊലപ്പെടുത്തിയിട്ടും അതിനെതിരെ ശക്തമായ ധാർമിക രോഷം ഉയർന്നില്ലെന്നും ഇതിനെതിരെ താനും കാനം രാജേന്ദ്രനും മാത്രമാണ് അന്ന് പ്രതികരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.യുഎപിഎ ചുമത്തപ്പെട്ട രണ്ട് യുവാക്കൾ അടുത്തിടെ തന്നെ കാണാൻ എത്തിയതായും അവരുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
“നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തിന്റെ പാതയിലേക്ക് കൊണ്ടുവരിക എന്നതാണ് ഒരു ഭരണാധികാരി ചെയ്യേണ്ടത്. അതാണ് ഞാൻ വിശ്വസിക്കുന്ന സമീപനം,” ചെന്നിത്തല പറഞ്ഞു.
അലൻ ഷുഹൈബിനും താഹ ഫസലിനും വേണ്ടി നിയമസഭയ്ക്കകത്ത് പോരാടേണ്ടി വന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തന്നോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളെ അംഗീകരിക്കാനാവില്ലെന്നും അംഗീകരിക്കാവുന്ന കാര്യങ്ങളെ അംഗീകരിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നതായും ചെന്നിത്തല പറഞ്ഞു.
“രൂപേഷിനെ വെടിവെച്ച് കൊന്നിരുന്നെങ്കിൽ ഒരുപക്ഷേ ഒരു മാവോയിസ്റ്റിനെ വെടിവെച്ചുകൊന്നതിന്റെ പേരിൽ എനിക്ക് വലിയ പ്രശസ്തി ലഭിച്ചേനെ. എന്നാൽ ആ പ്രശസ്തിയല്ല ഞാൻ ആഗ്രഹിച്ചത്. ഇന്ന് രൂപേഷ് പുറത്തിറങ്ങി നടക്കുന്നു, സംസാരിക്കുന്നു, യോഗങ്ങളിൽ പ്രസംഗിക്കുന്നു. അവർ എന്താണ് സംസാരിക്കുന്നതെന്ന് എനിക്ക് അറിയാം. അവർ ഭരണകൂടത്തിനോ നാട്ടിലെ ജനങ്ങൾക്കോ എതിരായി സംസാരിക്കുന്നില്ല,” ചെന്നിത്തല പറഞ്ഞു.








