ഉളിക്കല്‍ നുച്യാട്ട് വീട്ടില്‍ വന്‍കവര്‍ച്ച: മോഷ്ടിച്ചത് 27 പവന്‍ സ്വര്‍ണം;മോഷണം പ്രവാസിയായ ഗൃഹനാഥനെ സ്വീകരിക്കാന്‍ വീട്ടുകാര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ സമയത്ത് പട്ടാപ്പകല്‍ ,കണ്ണൂര്‍ ഉളിക്കല്‍ നുച്യാട്ടെ വീട്ടില്‍ നിന്നും 27 പവന്‍ സ്വര്‍ണം കവര്‍ന്നു. നുച്യാട് സെന്റ് ജോസഫ് ക്‌നാനായ പള്ളിക്ക് സമീപമുള്ള നെല്ലിക്കല്‍ സിമിലി മോളിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ ആറിനും വൈകുന്നേരം ആറിനും ഇടയിലാണ് മോഷണം നടന്നത്.
സിമിലിയും മകളും പ്രവാസിയായ ഭര്‍ത്താവ് ബിജുവിനെ സ്വീകരിക്കാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയസമയത്തായിരുന്നു മോഷണം നടന്നത്. വീടിനുള്ളില്‍ കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 27 പവന്‍ സ്വര്‍ണമാണ് മോഷ്ടിച്ചതായാണ് പരാതി. ഭിന്നശേഷിക്കാരനായ അച്ഛന്‍ വീട്ടിലുള്ളതിനാല്‍ ഇവര്‍ എയര്‍ പോര്‍ട്ടിലേക്ക് പോയ സമയത്ത് വീടിന്റെ മുന്‍വശത്തെ കതക് പൂട്ടിയിരുന്നില്ല . ഇതുവഴിയാണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചതെന്നാണ് നിഗമനം.സിമിലിയും മകളും എയര്‍ പോര്‍ട്ടിലേക്ക് പോയശേഷം വീട്ടിലുണ്ടായിരുന്ന അച്ഛന്‍ തന്റെ മുച്ചക്ര വാഹനത്തില്‍ ചായകുടിക്കാനായി നുച്യാട് ഭാഗത്തേക്ക് പോയിരുന്നു. അപ്പോഴും വീടിന്റെ മുന്നിലെ കതക് പൂട്ടാതെ ചാരിയിട്ട നിലയിലായിരുന്നു. ഈ സമയത്താകും മോഷണം നടന്നതെന്നാണ് നിഗമനം. കുടുംബം എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചെത്തിയപ്പഴാണ് ബെഡ് റൂമിലെ അലമാര ഉള്‍പ്പെടെ തുറന്നിട്ട നിലയിലും തുണിയും സാധനങ്ങളും വാരി വലിച്ചിട്ട് കിടക്കുന്നതും കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത് . ഉടന്‍ തന്നെ ഉളിക്കല്‍ പോലീസില്‍ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തില്‍ ഉളിക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാര്‍ സ്ഥലത്തില്ല എന്ന വിവരം അറിയുന്ന ആളുകള്‍ തന്നെ ആയിരിക്കാം മോഷണത്തിന് പിന്നലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണം നടന്ന വീട്ടില്‍ സിസിടിവി കാമറ ഇല്ലാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കാമറകളില്‍ സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.









