സുഗതന്റെ വാർഡിലെ കാര്യങ്ങൾ നേരിട്ട് നിയന്ത്രിക്കുമെന്ന് മേയർ വി വി രാജേഷ്.വികസനം മുടങ്ങില്ല.

തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് മേയർ വി.വി. രാജേഷ് പ്രതികരണം അറിയിച്ചു. ഹൈക്കോടതി ഉത്തരവ് കൃത്യസമയത്ത് നടപ്പാക്കിയെന്നും കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സുഗതന്റെ അഭിഭാഷക സംഘം ഇക്കാര്യങ്ങൾ നോക്കുമെന്നും വരുന്ന കോടതി ഉത്തരവുകൾ നടപ്പിലാക്കുകയാണ് കോർപ്പറേഷന്റെ ദൗത്യമെന്നും പറഞ്ഞ മേയർ, കൗൺസിലറുടെ അവധി അപേക്ഷയിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
കേരളത്തിൽ മാത്രമുള്ള കാപ്പ ആക്ട് കാരണമാണ് ഇത്തരം സംഭവങ്ങൾ ഇവിടെയുണ്ടാകുന്നതെന്നും രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്ത കേസുകൾ എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ശക്തമായ വിയോജിപ്പുണ്ടാകുമെന്ന് അറിയാമെന്നും എന്നാൽ ഒരിഞ്ച് പിന്നോട്ടില്ലെന്നും വി.വി. രാജേഷ് വിശദമാക്കി. കൗൺസിലർ അസാന്നിധ്യമാകുന്ന സാഹചര്യങ്ങൾ മറികടക്കാനുള്ള സംവിധാനങ്ങളുണ്ടെന്നും സുഗതന്റെ വാർഡിലെ കാര്യങ്ങൾക്ക് താൻ നേരിട്ട് നേതൃത്വം നൽകുമെന്നും, അവിടെ ഒരു തടസ്സവും ഉണ്ടാകില്ലെന്നും മേയർ ഉറപ്പുനൽകി.

Top News from last week.