മീനങ്ങാടി വിനോദയാത്രാ വിവാദം; പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ



**വയനാട്:** മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര സംഘടിപ്പിച്ചതെന്നാണ് പ്രിൻസിപ്പലിന്റെ വാദം.
കഴിഞ്ഞ ഞായറാഴ്ച 133 വിദ്യാർഥികളുമായി ഹൈദരാബാദിലേക്ക് വിനോദയാത്ര പോയി മടങ്ങുന്നതിനിടെയാണ് പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം ഉയർന്നത്. യാത്രയ്ക്കിടെ വിദ്യാർഥികൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ രക്ഷിതാക്കളും ഇരുവർക്കുമെതിരെ രംഗത്തെത്തി.
സംഭവത്തിൽ ആരോപണവിധേയനായ പ്രിൻസിപ്പലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതായും വിവാദത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥലംമാറ്റിയതാണെന്നും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.









