മരണത്തിലും മങ്ങാത്ത കാരുണ്യം; നാല് പേര്‍ക്ക് പുതുജീവനേകി ഇരുപത്തിരണ്ടുകാരൻ അർജുൻ യാത്രയായി

കണ്ണൂർ:വാഹനാപകടം കവർന്ന ഇരുപത്തിരണ്ടുകാരന്റെ വേർപാടിലും നാല് കുടുംബങ്ങൾക്ക് പ്രത്യാശയുടെ പുതുവെളിച്ചം. മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ സ്വദേശി അർജുനാണ് മരണശേഷവും മറ്റുള്ളവരിലൂടെ ജീവിക്കുന്നത്. സ്വന്തം മകന്റെ വിയോഗത്തിന്റെ അതിതീവ്രമായ ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ കാട്ടിയ അസാധാരണമായ ആർജ്ജവമാണ് അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന നാല് രോഗികൾക്ക് തുണയായത്. അർജുന്റെ ഹൃദയവും കരളും രണ്ട് വൃക്കകളുമാണ് ദൗത്യത്തിലൂടെ കൈമാറിയത്.
റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അർജുനെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ജീവൻ നിലനിർത്താൻ മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചെങ്കിലും മെയ് 31-ന് വൈകുന്നേരത്തോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ സമ്മതത്തോടെ സംസ്ഥാന സർക്കാരിന്റെ അവയവദാന ഏജൻസിയായ ‘കെ-സോട്ടോ’ പ്രക്രിയകൾ ഏകോപിപ്പിച്ചു. വിവിധ ആശുപത്രികളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് അവയവങ്ങൾ ദാനത്തിനായി എടുത്തത്.
അർജുന്റെ ഹൃദയം എയർ ആംബുലൻസ് മാർഗ്ഗം കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലുള്ള നാൽപ്പത്തിയെട്ടുകാരനായ മലപ്പുറം സ്വദേശിക്ക് എത്തിച്ചു നൽകി. ഒരു വൃക്ക കണ്ണൂർ ആസ്റ്റർ മിംസിലെ രോഗിക്കും, രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കും, കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് മാറ്റിവെക്കലിനായി കൊണ്ടുപോയത്.
മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണിതെന്ന് വ്യക്തമാക്കിയ ആസ്റ്റർ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാർ, ഈ അടിയന്തര സാഹചര്യത്തിൽ എയർ ആംബുലൻസും റോഡിൽ ഗ്രീൻ ചാനലും ഒരുക്കി സഹായിച്ച പോലീസിനും സർക്കാരിനും കെ-സോട്ടോയ്ക്കും നന്ദി അറിയിച്ചു. വിവിധ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ് ഈ അവയവദാന ദൗത്യമെന്ന് ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

Top News from last week.