മെസ്സി വരവ് വിവാദം: മുൻ കായികമന്ത്രിക്ക് തിരിച്ചടി; ഇ-മെയിൽ വിവരങ്ങൾ പുറത്തായതോടെ സർക്കാർ അന്വേഷണത്തിലേക്ക്


തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കോലാഹലങ്ങളിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ കൂടുതൽ പ്രതിരോധത്തിൽ. സ്പോൺസർമാർക്ക് വേണ്ടി മുൻ മന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവുകളായ ഇ-മെയിൽ സന്ദേശങ്ങളാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്.

കരാറിൽ നിന്നും പിന്മാറിയ അർജന്റീന ഫുട്ബോൾ അസോസിയേഷന് (എ.എഫ്.എ) 2025 ഒക്ടോബർ 18-നാണ് വി. അബ്ദുറഹിമാൻ സന്ദേശമയച്ചത്. എ.എഫ്.എയും ആർ.ബി.സിയും തമ്മിലുള്ള ബന്ധം കേവലം ബിസിനസ്സ് മാത്രമല്ലെന്നും, അതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരന്റിയുണ്ടെന്നുമായിരുന്നു ഇ-മെയിലിന്റെ ഉള്ളടക്കം. ജനങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്തുള്ള പിന്മാറ്റത്തിൽ പ്രതിഷേധം അറിയിക്കുന്നതിനൊപ്പം, വിഷയത്തിൽ സർക്കാരിനുള്ള പങ്ക് അദ്ദേഹം തുറന്നുസമ്മതിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനിടെ സംഭവത്തിൽ ഉയർന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തലുകൾ മുൻ മന്ത്രിക്ക് തിരിച്ചടിയാണ്. സ്വകാര്യ കമ്പനിക്ക് വഴിവിട്ട് ലാഭമുണ്ടാക്കിക്കൊടുക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്നാണ് റിപ്പോർട്ടിലെ പ്രധാന വിമർശനം. ഈ കമ്പനിയെ ഏൽപ്പിച്ചതിൽ വ്യക്തമായ ഉത്തരവുകളില്ലെന്നും സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിഷയം നാളത്തെ മന്ത്രിസഭായോഗം പരിഗണിക്കും.









