കുട്ടികളുടെ സുരക്ഷ ശക്തമാക്കും; 18 ബില്യൺ ഡോളർ നൽകാൻ മെറ്റ


വാഷിങ്ടൺ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ശക്തമാക്കുന്നതിനൊപ്പം 18 ബില്യൺ യുഎസ് ഡോളർ നൽകാൻ മെറ്റ ധാരണയിലെത്തി. കൗമാരക്കാരിലെ സോഷ്യൽ മീഡിയ ആസക്തിയുമായി ബന്ധപ്പെട്ട കേസുകൾക്ക് പരിഹാരമായാണ് നിർണായക നിയമ ഒത്തുതീർപ്പ്.47 സംസ്ഥാനങ്ങൾ ഉന്നയിച്ച പരാതികളുമായി ബന്ധപ്പെട്ട നിയമനടപടികൾക്ക് ഇതോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. കോടതി അംഗീകരിച്ചാൽ വിവിധ സംസ്ഥാനങ്ങൾ മെറ്റയ്‌ക്കെതിരെ ആരംഭിച്ച കേസുകളുടെ വലിയൊരു നിര അവസാനിപ്പിക്കാനാകും. അതേസമയം, വ്യക്തികളും സ്കൂൾ ജില്ലകളും നൽകിയ മറ്റ് കേസുകൾ മെറ്റ നേരിടുന്നുണ്ട്.

കുട്ടികളെ പ്ലാറ്റ്‌ഫോമുകളിലേക്ക് ആകർഷിക്കുകയും അമിതമായ ഉപയോഗത്തിന് ഇടയാക്കുകയും ചെയ്യുന്ന തരത്തിൽ ഫീച്ചറുകൾ മനഃപൂർവം രൂപകൽപ്പന ചെയ്തെന്നും ഇതുവഴി യുവാക്കളുടെ മാനസികാരോഗ്യ പ്രതിസന്ധിക്ക് കമ്പനി കാരണമായെന്നും പരാതികളിൽ ആരോപിച്ചിരുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ മാതാപിതാക്കളുടെ സമ്മതമില്ലാതെ ശേഖരിച്ചതിലൂടെ ഫെഡറൽ നിയമങ്ങൾ ലംഘിച്ചെന്നും ആരോപണമുണ്ട്.
കൗമാരക്കാർക്ക് സുരക്ഷിതവും ക്രിയാത്മകവുമായ അനുഭവം ഉറപ്പാക്കുന്നത് കമ്പനിയുടെ പ്രധാന ഉത്തരവാദിത്തമാണെന്ന് മെറ്റ വ്യക്തമാക്കി. കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി സമാനമായ നടപടികൾ സ്വീകരിക്കാൻ ടിക്‌ടോക്കിനോടും യൂട്യൂബിനോടും മെറ്റ ആവശ്യപ്പെട്ടു.









