പാൽ വിലവർദ്ധന പിൻവലിക്കണം, ഇല്ലെങ്കിൽ ശക്തമായി നേരിടും:സതീശൻ സർക്കാരിന് താക്കീതുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മിൽമ പാൽ വില കൂട്ടിയ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാർക്ക് മേൽ വിലക്കയറ്റം അടിച്ചേൽപ്പിക്കുന്ന ശൈലിയല്ല കോൺഗ്രസ് സർക്കാർ സ്വീകരിക്കേണ്ടത്. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുന്ന കേരളത്തിൽ, പാലിന്‍റെ വില വീണ്ടും കൂട്ടുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.

ക്ഷീരകർഷകർക്ക് ന്യായമായ വില ലഭിക്കുക തന്നെ വേണം. എന്നാൽ അതിന്‍റെ ഭാരം സാധാരണക്കാരായ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. മുൻപ് എൽഡിഎഫ് സർക്കാർ ചെയ്തതും ഇതുതന്നെയാണ്. സർക്കാരിന്‍റെ വീഴ്ചകൾ സാധാരണക്കാരായ മലയാളി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുമ്പോൾ, വെറും കാഴ്ചക്കാരായി നോക്കിനിൽക്കാൻ ബിജെപിയും എൻഡിഎ തയ്യാറല്ല.

ഈ വിലവ‍ർദ്ധന ഉടൻ പിൻവലിക്കാൻ സ‍ർക്കാ‍ർ തയ്യാറായില്ലെങ്കിൽ ഇതിനെ ശക്തമായി എതിർക്കും. നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുകയും ചെയ്യും. ഉത്പാദനച്ചെലവുകൾ കുറച്ചുകൊണ്ട് കർഷകരെയും ഉപഭോക്താക്കളെയും ഒരേപോലെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ജനങ്ങളോട് വ്യക്തമാക്കണം. ഒന്നിനു പുറകെ ഒന്നായി അടിച്ചേൽപ്പിക്കുന്ന വിലക്കയറ്റമല്ല, മലയാളികൾക്ക് ഇപ്പോൾ വേണ്ടത് ആശ്വാസ നടപടികളാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കിൽ കുറിച്ചു.

 

Top News from last week.

Latest News

More from this section