പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ കെ. ഭാഗ്യരാജിന്റെ വിയോഗം ഇന്ത്യൻ ചലച്ചിത്രലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
സംവിധായകൻ ഭാരതിരാജയുടെ സഹസംവിധായകനായി സിനിമാജീവിതം ആരംഭിച്ച ഭാഗ്യരാജ്, പിന്നീട് തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ തിരക്കഥാകൃത്തും സംവിധായകരിലൊരാളായും വളർന്നു.
ജീവിതഗന്ധിയായ കഥകളും സൂക്ഷ്മമായ മനുഷ്യവികാരങ്ങളും കുടുംബബന്ധങ്ങളുടെ സങ്കീർണതകളും സാമൂഹിക യാഥാർഥ്യങ്ങളും അസാധാരണമായ ആഖ്യാനമികവോടെ വെള്ളിത്തിരയിലെത്തിച്ച അദ്ദേഹം, തമിഴ് സിനിമയുടെ കഥപറച്ചിൽ രീതിക്ക് പുതിയ മാനങ്ങൾ സമ്മാനിച്ചു. തിരക്കഥാരചനയിൽ അദ്ദേഹം രൂപപ്പെടുത്തിയ ശൈലി ഇന്ത്യൻ സിനിമയിലെ നിരവധി തലമുറകളിലെ സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കും പ്രചോദനവും പഠനവിഷയവുമായി മാറി.
സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ കലാജീവിതം തമിഴ് സിനിമയുടെ ചരിത്രത്തിലെ ശ്രദ്ധേയ അധ്യായമാണ്. മുന്താനൈ മുടിച്ചു, ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്, ചിന്ന വീട്, സുന്ദര കാണ്ഡം തുടങ്ങി നിരവധി ചിത്രങ്ങൾ കലാമികവും ജനപ്രീതിയും ഒരുപോലെ നേടിയ സൃഷ്ടികളാണ്.
മലയാള സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു.
ജനപ്രിയതയും കലാമൂല്യവും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ സിനിമകൾ കാലാതിവർത്തിയായ സൃഷ്ടികളായി തുടർന്നും വിലയിരുത്തപ്പെടുമെന്ന് മന്ത്രി അനുശോചനസന്ദേശത്തിൽ അഭിപ്രായപ്പെട്ടു.







