കേളകം-ബോയ്സ് ടൗൺ- മാനന്തവാടി റോഡ് (പാൽചുരം റോഡ്) അടച്ചു
മഴക്കെടുതിയിൽ കണ്ണൂർ ജില്ലയിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 18 ആയി. 905 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. ഇതിൽ 384 പേർ സ്ത്രീകളും 324 പേർ പുരുഷൻമാരുമാണ്. തളിപ്പറമ്പ്-8, ഇരിട്ടി-6, പയ്യന്നൂർ-3, തലശ്ശേരി-1 എന്നിങ്ങനെയാണ് താലൂക്കുതലത്തിൽ ക്യാമ്പുകളുടെ കണക്ക്.
പയ്യാവൂർ വില്ലേജിൽ ചെറുപുഷ്പം സ്കൂളിലെ ക്യാമ്പിലാണ് കൂടുതൽ പേർ-184. ഉദയഗിരി വില്ലേജിൽ നാല് ക്യാമ്പുകളുണ്ട്.
സംസ്ഥാന വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, പായം ഗ്രാമപഞ്ചായത്തിലെ കിളിയന്തറ അഞ്ചേക്കർ പുനരധിവാസ ഭൂമിയിൽ വിള്ളൽ സന്ദർശിച്ചു. ഇവിടെ മുകൾ വരിയിലെ വലിയ മതിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന സ്ഥിതിയിലാണ്. മതിൽ വീണാൽ തൊട്ടടുത്ത വരിയിലെ ആറ് വീടുകൾ പൂർണമായും തകരും. ഈ വീടുകളിലെ ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
പായം നരിമട ഉന്നതിയിലെ തകർന്ന വീട് മന്ത്രി സന്ദർശിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ ആനപ്പന്തി വാർഡിലെ തൊട്ടിയിൽ കുഞ്ഞുമുഹമ്മദ്, തൊട്ടിയിൽ ബിൽക്കീസ് എന്നിവരുടെ തകർന്ന വീടുകളും മന്ത്രി നേരിൽ കണ്ടു. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
പയ്യന്നൂർ താലൂക്കിലെ മൂന്ന് ക്യാമ്പുകളും കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ, പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ എന്നിവർ സന്ദർശിച്ചു.
കേളകം-ബോയ്സ്ടൗൺ-മാനന്തവാടി റോഡ് (പാൽചുരം റോഡ്) താത്കാലികമായി അടച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഇതുവഴി വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, പാറകല്ലുകൾ റോഡിലേക്ക് പതിക്കൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുള്ളതായി പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നെടുംപൊയിൽ ചുരം വഴി യാത്രക്കാർക്ക് വയനാട്ടിലേക്ക് യാത്ര ചെയ്യാം. ഇതിന് പുറമെ കണ്ണവം വഴിയും (ചെറുവാഞ്ചേരി-നാദാപുരം-കുറ്റ്യാടി ചുരം) തലശ്ശേരി-പള്ളൂർ-നാദാപുരം-കുറ്റ്യാടി ചുരം വഴിയും വയനാട്ടിലേക്ക് സഞ്ചരിക്കാം. പ്രതികൂല കാലാവസ്ഥയിൽ അടിയന്തിര ആവശ്യങ്ങൾക്ക് ഒഴികെ ജനങ്ങൾ വയനാട് യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.









