മിറർ ബുക്സ് ലോഗോ പ്രകാശനം ചെയ്തു

നല്ല പ്രസാധകർ നല്ല വായനക്കാരെ സൃഷ്ടിക്കും: ടി. പത്മനാഭൻ

കണ്ണൂർ: വായന മരിച്ചു എന്ന സ്ഥിരം പരിഭവങ്ങൾ പുതിയ പ്രസാധകരുടെ വരവോടെ ഇല്ലാതായിരിക്കയാണെന്ന് പ്രമുഖ കഥാകൃത്ത് ടി . പത്മനാഭൻ പറഞ്ഞു. നല്ല പ്രസാധകരാണ് നല്ല വായനക്കാരെ സൃഷ്ടിക്കുന്നതെന്നും ഇത്തരം വായനക്കാരാണ് നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മിറർ ബുക്‌സിൻ്റെ ലോഗോ പ്രകാശനം കൃഷ്ണ ബീച്ച് റിസോർട്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ധാരാളം പ്രസാധകരുണ്ട്. അവരുടെ പുസ്തകങ്ങൾ വമ്പൻ പ്രസാധകരുടെ പുസ്തകങ്ങളെക്കാൾ മികച്ച വിൽപ്പനയുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസാധനരംഗത്തെ ഏറ്റവും വലിയ ക്ഷീണം പണം വാങ്ങി പുസ്തകം പുറത്തിറക്കുക എന്നതാണ് എന്നും ആദ്യകാലത്ത് പ്രശസ്തരായ പ്രസാധകർ ഇത് ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലനിൽപ്പിനെ ബാധിക്കുമെന്ന നില വന്നപ്പോൾ അവരും ഇതിനു മുതിർന്നു എന്നതാണ് സത്യം. നല്ലത് നിലനിൽക്കുമെന്ന് നിസ്സംശയം പറയാൻ കഴിയും.ആരുടെയും താങ്ങോ തണലോ കൂടാതെ മികച്ചത് നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസാധകർ മികച്ച കൃതികൾ പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാൽ ഇവ പലതും സഹൃദയ ലോകത്തിന്റെ ശ്രദ്ധയിൽ പെടാറില്ല.കാരണം അത്തരം പ്രസിദ്ധീകരണങ്ങൾക്ക് പബ്ലിസിറ്റിയുടെ വിഷയത്തിൽ ഭീമന്മാരായ മറ്റു പ്രസിദ്ധീകരണശാലയോട് മത്സരിക്കുവാൻ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി നല്ല പുസ്തകങ്ങൾ ജനങ്ങളിലെത്തിക്കാൻ മിറർ ബുക്സിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
മിറർ മാനേജിംഗ് എഡിറ്റർ ടി. മിലേഷ് കുമാർ ആമുഖ ഭാഷണം നടത്തി. മിറർ ചീഫ് എഡിറ്റർ ഒ സി മോഹൻരാജ് അധ്യക്ഷത വഹിച്ചു. മിറർ ബുക്സ് എഡിറ്റർ ഇ കെ പത്മനാഭൻ സ്വാഗതവും കെ.സി ശശീന്ദ്രൻ ചാല നന്ദിയും പറഞ്ഞു. ലാവ കമ്യൂണിക്കേഷൻസ് ഉടമ മഹേഷ് മാറോളിയാണ് ലോഗോ രൂപകൽപ്പന ചെയ്തത്.ടി പി വേണു ഗോപാൽ , എം കെ മനോഹരൻ , നാരായണൻ കാവുമ്പായി, ടി കെ ഡി മുഴപ്പിലങ്ങാട്, ജയകൃഷ്ണൻ നരിക്കുട്ടി, ആർട്ടിസ്റ്റ് ശശികല , ഡോ. ടി. ശശിധരൻ , കെ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Top News from last week.