പഴയ ഫോട്ടോയും ആർ.സി ബുക്കും വഴിതിരിച്ചു; 20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലക്കേസ് പ്രതി ബെംഗളൂരുവിൽ പിടിയിൽ


കണ്ണൂർ: രണ്ടു കൊലപാതക കേസുകളിലും വധശ്രമക്കേസിലും പ്രതിയായി 20 വർഷത്തോളമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽക്കഴിഞ്ഞ കണ്ണൂർ താവക്കര സ്വദേശി രാഗേഷ് (42) ബെംഗളൂരുവിലെ തർബനഹള്ളിയിൽ വെച്ച് പിടിയിലായി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐ.പി.എസ്, എ.സി.പി ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ പ്രതിയെ വലയിലാക്കിയത്.

കേസിൽ നിന്ന് രക്ഷപ്പെടാൻ സിനിമാ നടനാകാൻ ഫോട്ടോ ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ച് സ്വന്തം വീട്ടിലെ ചിത്രങ്ങൾ വരെ രാഗേഷ് മുൻപ് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതിയുടെ പഴയ ഒരു അവ്യക്തമായ ചിത്രം സുഹൃത്തിൽ നിന്ന് പൊലീസ് സംഘടിപ്പിച്ചു. ഈ ചിത്രം സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ വ്യക്തത വരുത്തിയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ബെംഗളൂരുവിൽ മലയാളി നടത്തുന്ന കാറ്ററിംഗ് സ്ഥാപനത്തിൽ ഇയാളെ കണ്ടതായി ലഭിച്ച രഹസ്യ വിവരമാണ് കേസിലെ പ്രധാന വഴിത്തിരിവായത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തൃശൂർ സ്വദേശിനിയെ വിവാഹം കഴിച്ച് ‘സാബു’ എന്ന വ്യാജപേരിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. പൊലീസ് നടത്തിയ സൂക്ഷ്മമായ അന്വേഷണത്തിൽ ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്കിന്റെ ആർ.സി വിവരങ്ങളും ഫോൺ നമ്പറും രാഗേഷിന്റെ പേരിലുള്ളതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ പൊലീസ് സംഘം ഇയാളെ വളഞ്ഞു പിടികൂടുകയായിരുന്നു.









