സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; ഭരണഘടനയെ മാനിച്ചുകൊണ്ട് മതവിശ്വാസം പിന്തുടരണം: മന്ത്രി ബിന്ദു കൃഷ്ണ


സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; ഭരണഘടനയെ മാനിച്ചുകൊണ്ട് മതവിശ്വാസം പിന്തുടരണം: മന്ത്രി ബിന്ദു കൃഷ്ണ

വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം
തിരുവനന്തപുരം: സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ലെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഭരണഘടനയെ മാനിച്ചുകൊണ്ടാകണം ഓരോരുത്തരും തങ്ങളുടെ മതവിശ്വാസങ്ങൾ പിന്തുടരേണ്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കനുസൃതമായി നിയമപരമായാണ് നമ്മുടെ രാജ്യം മുന്നോട്ടുപോകുന്നത്. മതവിശ്വാസങ്ങൾ അനുഷ്ഠിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അതേസമയം, ലിംഗഭേദമന്യേ എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന, ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ് ഇന്ത്യ.
രാജ്യത്തെ സ്ത്രീകൾ ഇരുണ്ടകാലത്തെ അതിജീവിച്ചവരാണ്. നവോത്ഥാന നായകരുടെയും ദീർഘവീക്ഷണമുള്ള സാമൂഹിക പരിഷ്കർത്താക്കളുടെയും നിരന്തരമായ പോരാട്ടങ്ങളിലൂടെയാണ് സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നത്. ഇന്ന് നമ്മുടെ പെൺകുട്ടികൾ മിടുക്കും കഴിവും തെളിയിച്ച് മത്സരപരീക്ഷകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വിജയം കൈവരിക്കുന്നു. സ്വന്തം അഭിരുചിക്കും കഴിവിനും അനുസരിച്ചുള്ള മേഖലകളിൽ അവർ സജീവമായി പ്രവർത്തിക്കുകയും മുന്നേറുകയും ചെയ്യുന്നു.
ജനാധിപത്യ ഭരണക്രമത്തിലും സ്ത്രീകൾ മികച്ച ഭരണാധികാരികളായി കഴിവ് തെളിയിച്ചുവരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ഭരണതലങ്ങളിൽ ആത്മവിശ്വാസത്തോടെ അവർ നേതൃത്വം നൽകുന്നു. രാജ്യത്തിന്റെ പ്രഥമപൗര വനിതയാണ്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദീർഘകാലം രാജ്യത്തെ നയിച്ച വനിതയാണ്. പാകിസ്ഥാനിൽ ബേനസീർ ഭൂട്ടോയും ബംഗ്ലാദേശിൽ ഷേഖ് ഹസീനയും, ഖലീദ സിയയും ഉൾപ്പെടെയുള്ള വനിതകൾ രാജ്യങ്ങളുടെ ഭരണനേതൃത്വം വഹിച്ചു. മാർഗരറ്റ് താച്ചറെ പോലുള്ള ശക്തരായ വനിതകളുടെ ഉദാഹരണങ്ങളും ലോകത്തുണ്ട്.
സ്ത്രീയെന്നോ പുരുഷനെന്നോ മറ്റേതെങ്കിലും ലിംഗഭേദമെന്നോ വ്യത്യാസമില്ലാതെ മനുഷ്യരെല്ലാം പ്രപഞ്ചത്തിന്റെ അവകാശികളാണ്. അതുകൊണ്ടുതന്നെ സ്ത്രീവിരുദ്ധമായ സമീപനങ്ങൾ കേരളത്തിനോ ഇന്ത്യയ്ക്കോ ലോകത്തിനോ അനുകരണീയമല്ല.
അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അതിനെ അംഗീകരിക്കുന്നു. എന്നാൽ നമ്മുടെ രാജ്യത്തെ സ്ത്രീകൾ ഭരണഘടനാപരമായി തുല്യനീതിയും അവകാശങ്ങളുമുള്ള വ്യക്തിത്വങ്ങളാണെന്ന കാര്യം ആരുംതന്നെ വിസ്‌മരിക്കാൻ പാടില്ല. സ്വന്തം മതവിശ്വാസങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ സ്ത്രീകൾ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നുണ്ട്.
നമ്മുടെ പെൺകുട്ടികളും സ്ത്രീകളും ആത്മവിശ്വാസത്തോടെയും തന്റേടത്തോടെയും ആർജവത്തോടെയും തങ്ങളുടെ കഴിവുകൾക്കനുസരിച്ച് മുന്നേറുകയാണ്. രാജ്യത്തിന് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങൾ അവർ സ്വന്തമാക്കുന്നു.
സ്ത്രീകളുടെ മുന്നേറ്റത്തിന് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഇനിയും ആവശ്യമായ പിന്തുണ ഉറപ്പാക്കും. സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തോടെ, അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ സ്ത്രീകൾ ഭരണാധികാരികളായി മികച്ച രീതിയിൽ പ്രവർത്തിച്ചുവരികയാണ്.
സ്ത്രീകൾ പുറത്തേക്ക് ഇറങ്ങരുതെന്ന തരത്തിലുള്ള നിലപാട് പൊതുസമൂഹത്തിന് സ്വീകാര്യമല്ല. അത്തരം സമീപനങ്ങളോട് സംസ്ഥാന സർക്കാരിനും തനിക്കും യോജിപ്പില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.









