മിസൈലാക്രമണം: ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ബന്ധങ്ങളും നിർത്തിവെച്ച് യു.എ.ഇ.


അബുദാബി: സമുദ്രപാതകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ, ഇറാനുമായുള്ള എല്ലാവിധ സാമ്പത്തിക, വ്യാപാര, ധനകാര്യ ഇടപാടുകളും അടിയന്തരമായി നിർത്തിവെച്ചതായി യു.എ.ഇ. പ്രഖ്യാപിച്ചു. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ഈ വിലക്ക് നിലനിൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വാദങ്ങൾ തള്ളിക്കളയുന്നതായി യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്ര അൽ ഹാമേലി വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ചർച്ചകൾക്കും സഹകരണത്തിനുമാണ് യു.എ.ഇ. എപ്പോഴും മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സമുദ്ര ഗതാഗതത്തെയും കപ്പലുകളെയും ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധ സേന ആകാശത്തുവെച്ച് നേരിട്ടു. ഇതിനിടയിൽ രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ഒരു മിസൈൽ രാജ്യത്തിന് പുറത്തും രണ്ടാമത്തേത് യു.എ.ഇ. സമുദ്രാതിർത്തിക്കുള്ളിലുമാണ് പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
സ്ഥിതിഗതികൾ പെട്ടെന്നുതന്നെ നിയന്ത്രണവിധേയമാക്കിയ ശേഷം അധികൃതർ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു. വ്യാജ വാർത്തകളിൽ പരിഭ്രാന്തരാകാതെ ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.









