മിഷൻ സമുദ്ര’: കേരളത്തെ സമഗ്ര കപ്പൽ നിർമാണ കേന്ദ്രമാക്കാൻ സർക്കാർ

കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമാണ-സമുദ്ര വ്യവസായ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ‘മിഷൻ സമുദ്ര’ പദ്ധതിയുമായി സർക്കാർ മുന്നോട്ട്. മുഖ്യമന്ത്രിയുടെ സമീപകാല അഭിമുഖത്തെ തുടർന്ന് കപ്പൽ നിർമാണ മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. വിവിധ പദ്ധതികളിലൂടെ വരും വർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകെ ആകർഷിക്കാൻ ലക്ഷ്യമിടുന്ന 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതകളെയാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്. അല്ലാതെ ഒരു സ്ഥാപനവുമായി മാത്രമായി കരാർ ഉറപ്പിച്ചു എന്നല്ല.

ഇതിന്റെ ഭാഗമായി മലബാർ സിമന്റ്‌സ് ലിമിറ്റഡും, ടാറ്റാ പ്രോജക്ട്‌സ് ഗ്രൂപ്പിന്റെ ആർട്‌സൺ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനാവശ്യമായ പ്രധാന അനുമതികൾ ലഭിക്കുകയും കൊച്ചിൻ പോർട്ട് അതോറിറ്റി ഭൂമി ലഭ്യമാക്കി പ്രാഥമിക വികസന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

കേവലം ഒരു യൂണിറ്റിൽ ഒതുങ്ങുന്നതല്ല മിഷൻ സമുദ്ര പദ്ധതി. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയുൾപ്പെടെയുള്ള തീരദേശ സാധ്യതകൾ പ്രയോജനപ്പെടുത്തി കപ്പൽ നിർമാണം, അറ്റകുറ്റപ്പണി, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ, ലോജിസ്റ്റിക്‌സ് തുടങ്ങിയ അനുബന്ധ വ്യവസായങ്ങളെ ഏകോപിപ്പിച്ചുള്ള സമഗ്ര സമുദ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര-വിദേശ നിക്ഷേപകരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഓരോ പദ്ധതിയും അന്തിമമാകുന്ന മുറയ്ക്ക് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു.

Top News from last week.

Latest News

More from this section