മണ്ഡരി ബാധ വീണ്ടും പടരുന്നു; പ്രതിസന്ധിയിലായി മലയോരത്തെ കേരകർഷകർ

ചെറുപുഴ: കഴിഞ്ഞ കുറച്ചുകാലമായി ശമിച്ചിരുന്ന മണ്ഡരി കീടബാധ മലയോര മേഖലയിലെ തെങ്ങിൻതോപ്പുകളിൽ വീണ്ടും തീവ്രമാകുന്നു. കടുത്ത വേനൽച്ചൂടിന് പിന്നാലെ എത്തിയ രോഗവ്യാപനം കേരകർഷകരുടെ പ്രതീക്ഷകളെ ആകെ തകിടം മറിച്ചിരിക്കുകയാണ്.കണ്ണുകൾക്ക് എളുപ്പത്തിൽ ദൃശ്യമാകാത്ത ഈ സൂക്ഷ്മകീടങ്ങൾ ഇളം മച്ചിങ്ങകളുടെ നീര് പൂർണ്ണമായും ഊറ്റിയെടുക്കുകയാണ് ചെയ്യുന്നത്. ഇതോടെ വളർച്ച നിലയ്ക്കുന്ന തേങ്ങകൾ വികൃതരൂപത്തിലാവുകയും വൻതോതിൽ കൊഴിഞ്ഞുവീഴുകയും ചെയ്യുന്നു. വിളവെടുപ്പിൽ തേങ്ങയുടെ വലിപ്പം കുറയുന്നത് മൂലം കൊപ്ര ഉൽപ്പാദനത്തിൽ 30 മുതൽ 40 ശതമാനം വരെ കനത്ത ഇടിവാണ് ഉണ്ടാകുന്നത്. ചകിരിയിലെ നാരുകൾ നശിക്കുന്നതും ചിരട്ടയ്ക്ക് തൂക്കമില്ലാത്തതും വിപണിയിൽ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില തടയുന്നു. കഠിനാധ്വാനത്തിന് അനുസരിച്ചുള്ള വരുമാനം ലഭിക്കാതെ കർഷകർ സാമ്പത്തിക തകർച്ചയുടെ വക്കിലാണ്.

മണ്ണിലെ പോഷകക്കുറവും വരണ്ട അന്തരീക്ഷവുമാണ് കീടങ്ങൾ അതിവേഗം പെരുകാൻ കാരണമാകുന്നത്. ജൈവ-രാസ വളങ്ങളിലൂടെ തെങ്ങുകൾക്ക് പോഷകങ്ങൾ നൽകി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം പൂക്കുലകളിൽ മരുന്ന് തളിക്കുകയാണ് രോഗ നിയന്ത്രണത്തിനുള്ള വഴി. എന്നാൽ, മരുന്ന് തളിക്കുന്നതിനുള്ള ഭാരിച്ച സാമ്പത്തികച്ചെലവ് സാധാരണക്കാരായ കർഷകർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.

കാറ്റിലൂടെ അതിവേഗം പടരുന്ന ജീവിയായതിനാൽ പ്രദേശത്തെ മുഴുവൻ തോട്ടങ്ങളിലും ഒരുമിച്ച് പ്രതിരോധം തീർത്താൽ മാത്രമേ മണ്ഡരിയെ തുരത്താനാകൂ. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, മരുന്ന് തളിക്കുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനും കൃഷിവകുപ്പ് നേരിട്ട് ഇടപെട്ട് പ്രതിരോധ നടപടികൾ വേഗത്തിലാക്കാനും അടിയന്തര നടപടി ഉണ്ടാകണം.

Top News from last week.

Latest News

More from this section